ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പി.എ.സി) ചെയർമാനായി ലോക്സഭ സ്പീക്കർ ഓം ബിർള നിയമിച്ചു.
പാർലമെന്റ് ഫണ്ടിന്റെ വിനിയോഗവും കംട്രോളർ ആൻഡ് ഓഡിറ്റ് (സി.എ.ജി) റിപ്പോർട്ടുകളിന്മേലുള്ള പരിശോധനയും നടത്തുന്ന സമിതിയിൽ ആകയെുള്ള 22 അംഗങ്ങളിൽ 15 പേർ ലോക്സഭയിൽ നിന്നും ഏഴു പേർ രാജ്യസഭയിൽ നിന്നുമാണ്. ഇതിൽ 10ഉം ബി.ജെ.പി എം.പിമാരും മൂന്നു പേർ എൻ.ഡി.എ ഘടകകക്ഷി എം.പിമാരുമാണ്.
15 ലോക്സഭ എം.പിമാരിൽ ബി.ജെ.പിക്ക് ഏഴും കോൺഗ്രസിന് മൂന്നും, ഡി.എം.കെ, എസ്.പി, ജനസേന, ടി.ഡി.പി എന്നീ പാർട്ടികൾക്ക് ഓരോന്നു വീതവും പ്രതിനിധികളെ ലഭിച്ചു. നിഷികാന്ത് ദുബെ, ജഗദാംബിക പാൽ, രവി ശങ്കർ പ്രസാദ്, സി.എം. രമേശ്, അപരാജിത സാരംഗി, തേജസ്വി സൂര്യ, അനുരാഗ് സിങ് ഠാക്കൂർ എന്നിവരാണ് ലോക്സഭയിൽ നിന്നുള്ള ബി.ജെ.പി അംഗങ്ങൾ. വേണുഗോപാലിന് പുറമെ ജയ് പ്രകാശ്, ഡോ.അമർ സിങ് എന്നീ ലോക്സഭ എം.പിമാർ കോൺഗ്രസിൽ നിന്നാണ്.