Kerala

മുണ്ടക്കൈ ദുരന്തം: ദുരന്തഭൂമിയിലും ചാലിയാറിലും 18 ദിവസമായി തുടരുന്ന ഊർജിതമായ തിരച്ചിൽ അവസാനിച്ചു | Mundakai disaster: 18-day intensive search in disaster area and Chaliyar ends

കല്‍പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം പൂർത്തിയായതോടെ ദുരന്തഭൂമിയിലും ചാലിയാറിലും 18 ദിവസമായി തുടരുന്ന ഊർജിമായ തിരച്ചിൽ അവസാനിച്ചു. സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി നടത്തിയ ജനകീയ തിരച്ചിൽ അവസാനിച്ചെങ്കിലും ഔദ്യോഗിക സംവിധാനങ്ങൾ ഏതാനും നാൾ കൂടി പ്രദേശത്ത് തുടരും. നാട്ടുകാർ ആവശ്യമുന്നയിച്ചാൽ മാത്രം അവിടെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹവശിഷ്ടങ്ങളോ ലഭിച്ചിരുന്നില്ല. ദുരന്തഭൂമിയിലും ചാലിയാറിലെ മണൽതിട്ടകൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ദുരന്തഭൂമിയിൽ ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അദാലത്തിലൂടെ അവ ലഭ്യമാക്കി തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത്. ക്യാമ്പുകളിൽനിന്ന് വാടകവീടുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്. ഉരുൾപൊട്ടൽ ബാധിത മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി പഠനം നടത്തിയ വിദഗ്ധസംഘം ഉടൻ സർക്കാരിന് റിപ്പോർട്ട് കൈമാറും.