നൂറിലേറെ രാജ്യങ്ങളില്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യം എംപോക്‌സ് മുക്തമാണെങ്കിലും മന്ത്രാലയം ജാഗ്രതയിലാണ്. കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉള്‍പ്പെടെയുള്ള കാര്യക്ഷമായ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
എംപോക്‌സിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖല പൂര്‍ണ ജാഗ്രതയിലാണ്. സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് കൈകാര്യം ചെയ്യാനുള്ള മുഴുവന്‍ ഒരുക്കങ്ങളും മന്ത്രാലയം നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
എംപോക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവരില്‍ എംപോക്‌സ് കേസുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മധ്യവേനലവധി കഴിഞ്ഞ് ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ഖത്തറിലേക്ക് തിരിച്ചെത്തുന്ന സന്ദര്‍ഭം കൂടിയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ഖത്തര്‍ ആരോഗ്യമന്ത്രാലയം രോഗം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആഫ്രിക്കന്‍ മേഖലയിലെ രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യുകയോ വൈറസ് ബാധിച്ച ഒരാളുമായി അടുത്ത ബന്ധം പുലര്‍ത്തുകയോ ചെയ്തവരിലാണ് രോഗം പൊതുവേ കണ്ടുവരുന്നത്.
കിഴക്കന്‍, മധ്യ ആഫ്രിക്കയിലെ രോഗബാധിത പ്രദേശങ്ങളില്‍ കേസുകളുടെ ധ്രുതഗതിയിലുള്ള വര്‍ധനവ് കാരണം ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.