Kerala

ശബരിമല ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നു: സ്ഥാന നിര്‍ണയവും തറക്കല്ലിടലും നാളെ ; വിശ്വാസവും ഐതിഹ്യവും /Relocating Sabarimala ash pit: Positioning and foundation stone laying tomorrow; Belief and legend

ശബരിമലയിലെ ഭസ്മക്കുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിര്‍ണ്ണയം നാളെ രാവിലെ 7.30 ന് നടക്കും. ദേവസ്വം സ്ഥപതി പട്ടികയില്‍ ഉള്‍പ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായ കെ. മുരളീധരനാണ് സ്ഥാന നിര്‍ണ്ണയം നടത്തുക. ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പുതിയ ഭസ്മക്കുളത്തിനായുള്ള തറക്കല്ലിടല്‍ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് തറക്കല്ലിടല്‍ നിര്‍വ്വഹിക്കുക. ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ സന്നിഹിത നായിരിക്കും.

ഭസ്മ ക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാല്‍ തന്ത്രിമാരുടെ അനുവാദത്തോടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. ഇപ്പോഴുള്ള ഫ്‌ലൈ ഓവറിന് താഴെയായിരുന്നു മുമ്പ് ഭസ്മക്കുളത്തിന്റെ സ്ഥാനം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. നിലവിലെ ഭസ്മക്കുളത്തിന്റെ പരിശുദ്ധിയേയും പവിത്രതയും സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭസ്മക്കുളം മാറ്റി സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

വിശ്വാസം

ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സ്നാന കര്‍മ്മത്തിലൂടെ പുണ്യം പകരുകയാണ് സന്നിധാനത്തെ ഭസ്മക്കുളം. ഭസ്മ കുളത്തിലെ സ്നാനത്തിനു ശേഷം തിരുസന്നിധിയില്‍ എത്തി ശയന പ്രദിക്ഷണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ സന്നിധാനത്തിന് നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് ഭസ്മക്കുളത്തിലെ പുണ്യതീര്‍ത്ഥത്തിനും നല്‍കുന്നത്. മധ്യ ഭാഗത്ത് കരിങ്കല്‍ പാകി വശങ്ങളില്‍ കല്‍പ്പടവുകള്‍ കെട്ടിയാണ് ഭസ്മക്കുളത്തിന്റെ നിര്‍മ്മാണം. പതിറ്റാണ്ടുള്‍ക്കു മുമ്പ് സന്നിധാനത്തെ ഫ്ളൈഓവറിന് സമീപമായിരുന്നു ഭസ്മക്കുളം നിലനിന്നിരുന്നത്.

ഭക്തരുടെ എണ്ണം കൂടിയതോടെ ജലരാശി കണ്ടെത്തി ശ്രീകോവിലിനു പിന്‍ഭാഗത്തേക്ക് കുളം പിന്നീട് മാറ്റുകയായിരുന്നു. പുണ്യ നദിയായ പമ്പയിലും ഭസ്മക്കുളത്തിലും മുങ്ങി തിരുസന്നിധിയില്‍ എത്തി ശയനപ്രദക്ഷിണം നടത്തിയാല്‍ ആഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. ആദ്യ കാലങ്ങളില്‍ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച ശേഷമായിരുന്നു പൂജാദി കര്‍മങ്ങള്‍ക്കായി ശ്രീകോവിലില്‍ പ്രവേശിച്ചിരുന്നത്. ഉരല്‍ക്കുഴിയില്‍ നിന്നുള്ള തീര്‍ത്ഥമാണ് കുളത്തില്‍ എത്തുന്നത്.

ഐതിഹ്യം

സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഏത് പരാമര്‍ശത്തിലും വിഷയമാകുന്നതാണ് ഭസ്മവും കര്‍പ്പൂരവും നെയ്യും നെയ്യഭിഷേകവും മറ്റും. ഭസ്മവും ഭസ്മക്കുളവും സംബന്ധിച്ച ഐതിഹ്യം ഇങ്ങനെയാണ്. ക്ഷേത്രമുണ്ടായ കാലത്തുണ്ടായ ഒട്ടേറെ കിണറുകള്‍ സന്നിധാനത്തുണ്ടായിരുന്നു. അതില്‍ നിന്ന് കുടിക്കാനും കുളിക്കാനും വെള്ളം ഉപയോഗിച്ചു. വിഖ്യാതമായ ഭസ്മക്കുളം കൂടാതെ പാത്രക്കുളം എന്ന പേരില്‍ ഒരു കുളവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ചില കിണറുകള്‍ കുളങ്ങളാക്കി. കുറേ കിണറുകള്‍ സ്ലാബിട്ടു മൂടി. പിന്നീട് ഭസ്മക്കുളവും പാത്രക്കുളവും മാത്രം പ്രത്യേകം കല്ലുകെട്ടി സംരക്ഷിച്ചു.

പാത്രക്കുളത്തില്‍ പാത്രങ്ങള്‍ കഴുകുന്നതിനും സോപ്പ് ഉപയോഗിക്കുന്നതിനും ആദ്യകാലത്ത് അനുവാദമുണ്ടായിരുന്നു. എന്നാല്‍, ഭസ്മക്കുളത്തില്‍ ഇതൊന്നും അനുവദിച്ചിരുന്നില്ല. കുളത്തില്‍ നീരുറവകളുണ്ടായിരുന്നതു കൊണ്ടും കുമ്പളം തോട്ടില്‍നിന്ന് പൈപ്പുലൈന്‍ വഴി വെള്ളം വിട്ടിരുന്നതു കൊണ്ടും ഈ കുളത്തിലെ വെള്ളം മലിനമാകാറില്ലായിരുന്നു.

തപസ്വിനിയും കന്യകയുമായ ശബരി യാഗാഗ്നിയില്‍ ദഹിച്ച സ്ഥാനത്ത് ആ സ്മരണയ്ക്കെന്ന സങ്കല്‍പ്പമാണ് ഭസ്മവാഹിനിയായ ഈ ദിവ്യകുളത്തിന്. ഈ തീര്‍ത്ഥത്തിലെ സ്നാനം പാപനാശകാരണമാകുമെന്നാണ് ഐതിഹ്യം. എന്നാല്‍, സന്നിധാനത്തില്‍ തിരക്കേറിയതോടെ തീര്‍ത്ഥാടകരുടെ ഉപയോഗക്കൂടുതല്‍ നിമിത്തം ഭസ്മക്കുളം മലിനമായി. 1952ലെ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനു ശേഷമാണ് ഭസ്മക്കുളം കെട്ടിവെടിപ്പാക്കിയത്. ഈ കുളത്തില്‍ കുളിച്ച് ഈറനോടെയാണ് അയ്യപ്പന്മാര്‍ തിരുമുറ്റത്ത് ശയനപ്രദക്ഷിണം നടത്തിയിരുന്നത്. കുളം ഉറവ വറ്റാത്തതാണ്. ഇപ്പോള്‍, ജലം മലിനമാകുമ്പോള്‍ അത് പമ്പുചെയ്ത് പുറത്തു കളഞ്ഞശേഷം ശുദ്ധജലം നിറയ്ക്കാറുണ്ട്.

പതിറ്റാണ്ടുകള്‍ മുമ്പ്, ഈ കുളം മൂടി മറ്റൊന്ന് കുഴിക്കാമെന്ന് അഭിപ്രായം ദേവസ്വം അധികാരികളില്‍ നിന്നുണ്ടായി. എന്നാല്‍ പല തലത്തിലുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് അന്ന് ആ നിര്‍ദേശം നടപ്പായില്ല. 1987വരെ പല സ്ഥലങ്ങളിലും കുളം കുഴിക്കാന്‍ സ്ഥാനം നോക്കിയെങ്കിലും ഉറവ കണ്ടില്ല. 1987ല്‍ കൃത്രിമമായി കുളം കുഴിക്കുകയും മുമ്പ് ഉണ്ടായിരുന്ന കുളം മണ്ണിട്ടു നികത്തുകയും ചെയ്തു. ഇപ്പോള്‍ ആ കുളമാണ് വീണ്ടും മാറ്റുന്നത്.

CONTENT HIGHLIGHTS;Relocating Sabarimala ash pit: Positioning and foundation stone laying tomorrow; Belief and legend