Travel

നിധി കാക്കുന്ന നാഗദൈവം; നിഗൂഢത നിറഞ്ഞ കോട്ടയും രഹസ്യക്ഷേത്രവും | visit-vidurashwatha-temple-karnataka.

നാഗകോപമുണ്ടെന്നു വിശ്വസിക്കുന്ന ആളുകള്‍ ഇവിടെയെത്തി പൂജകള്‍ നടത്തുന്നത് സാധാരണമാണ്

നാഗങ്ങളെ ദൈവമായി ആരാധിക്കുന്ന നാടാണ് ഇന്ത്യ. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നാഗങ്ങൾക്കായി ഒട്ടേറെ ക്ഷേത്രങ്ങളും കാവുകളുമെല്ലാം ഇന്നുമുണ്ട്. കര്‍ണാടകയിലെ വിദുരാശ്വത ക്ഷേത്രം ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കർണാടകയിലെ ഗൗരിബിദാനൂർ താലൂക്കിലെ വിദുരാശ്വത എന്ന ചെറുപട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ദേവനഹള്ളി കോട്ടയിലാണ് ഈ ക്ഷേത്രം. ബെംഗളൂരു നഗരത്തിനു വടക്ക് 35 കിലോമീറ്റർ അകലെയാണ് കോട്ട. നാഗകോപമുണ്ടെന്നു വിശ്വസിക്കുന്ന ആളുകള്‍ ഇവിടെയെത്തി പൂജകള്‍ നടത്തുന്നത് സാധാരണമാണ്. സഞ്ചാരികള്‍ക്കിടയില്‍ പൊതുവേ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ല വിദുരാശ്വത ക്ഷേത്രം. ഏഴു ശിരസ്സുള്ള നാഗദേവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നാല് അടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കേളടി രാജവംശത്തിന്‍റെ അവസാനത്തെ കോട്ടയായിരുന്നു ദേവനഹള്ളി.

കോട്ടക്കുള്ളില്‍ അമൂല്യമായ ഒട്ടേറെ നിധികൾ സൂക്ഷിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അളവറ്റ ആ സ്വത്തു മുഴുവന്‍ കാത്തിരുന്നത് ഈ നാഗദേവനായിരുന്നത്രേ. നിരവധി സർപ്പ ശിൽപങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.മഹാഭാരതകാലത്തോളം പഴക്കമുള്ള കഥകളും ഈ ക്ഷേത്രത്തെക്കുറിച്ച് നിലവിലുണ്ട്. കുരുക്ഷേത്ര യുദ്ധകാലത്ത് ശ്രീകൃഷ്ണന്‍റെ ഉപദേശപ്രകാരം വിദുരര്‍ ഇവിടെ എത്തിയത്രേ. രക്തച്ചൊരിച്ചിൽ കണ്ട് മനംമടുത്ത അദ്ദേഹം ഈ സ്ഥലത്ത് താമസിക്കാൻ തീരുമാനിക്കുകയും ഇവിടെ ഒരു വൃക്ഷം നടുകയും ചെയ്തുവത്രേ. അങ്ങനെയാണ് ഈ സ്ഥലത്തിന് വിദുരാശ്വത എന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം.
കുപ്രസിദ്ധമായ ജാലിയന്‍ വാലാബാഗ് ദുരന്തത്തിന് സമാനമായി ഒരു സംഭവം ഇവിടെയും നടന്നിട്ടുണ്ട്. അതുകൊണ്ട്, ദക്ഷിണേന്ത്യയിലെ ജാലിയൻ വാലാബാഗ് എന്നും ഇവിടം അറിയപ്പെടുന്നു.

പാമ്പുകടിയേറ്റതിനും മറ്റ് അസുഖങ്ങൾക്കുള്ള പ്രതിവിധിക്കായും സന്താനലബ്ധിക്കായും ധാരാളം ആളുകള്‍ ഇവിടെ വന്ന് പ്രാര്‍ഥിക്കുന്നു. രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. സിദ്ധേശ്വര ക്ഷേത്രം, നഞ്ചുണ്ടേശ്വര ക്ഷേത്രം, ചന്ദ്രമൗലേശ്വർ ക്ഷേത്രം, സരോവരാഞ്ജനേയ ക്ഷേത്രം, നാഗമ്മ ക്ഷേത്രം എന്നിങ്ങനെ ചുറ്റും സന്ദർശിക്കാൻ ധാരാളം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. ദൊഡ്ഡബല്ലാപ്പുരിനും ചിക്കബല്ലാപ്പുരിനും അടുത്തുള്ള നന്ദി കുന്നുകളില്‍ പിക്നിക് നടത്താനും അവസരമുണ്ട്. ബെംഗളൂരുവില്‍നിന്ന് ഇവിടേക്ക് റോഡ്‌ മാര്‍ഗം എളുപ്പത്തില്‍ എത്താം. കൂടാതെ, ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള വിദുരാശ്വത റെയിൽവേ സ്റ്റേഷൻ, 9 കിലോമീറ്റർ അകലെയുള്ള ഗൗരിബിദാനൂർ റെയിൽവേ സ്റ്റേഷൻ, 18 കിലോമീറ്റർ അകലെയുള്ള ഹിന്ദുപൂർ റെയിൽവേ സ്റ്റേഷൻ എന്നിവ വഴി എത്തുന്നവര്‍ക്ക് ക്യാബ്, ടാക്സി, ഓട്ടോറിക്ഷ, പൊതു ബസ് സർവീസുകൾ എന്നിവയില്‍ ഏതെങ്കിലും വഴി ക്ഷേത്രത്തില്‍ എത്താം.