പായസം ഇല്ലാതെ എന്ത് ഓണം. സദ്യയ്ക്ക് മാറ്റ്കൂട്ടുന്നത് പായസമാണ്. പാലടയും അടപ്രഥമനും കടലപരിപ്പുമൊക്കെയുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഇതാ ഒരു അടിപൊളി പായസം പെട്ടെന്ന് തന്നെ തയാറാക്കാം. കുക്കറിൽ പരിപ്പ് പ്രഥമൻ ഇങ്ങനെ വച്ചോളൂ.
ചേരുവകൾ
•ചെറുപയർ പരിപ്പ് – ഒന്നര കപ്പ്
•ഒരു വലിയ തേങ്ങയുടെ ഒന്നാം പാൽ – മുക്കാൽ കപ്പ്
•രണ്ടാം പാൽ – ഒരു കപ്പ്
•മൂന്നാം പാൽ – നാലര കപ്പ്
•ശർക്കര – 450 ഗ്രാം
•വെള്ളം – അരക്കപ്പ്
•ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ
•ചുക്കുപൊടി – അര ടീസ്പൂൺ
•ജീരകപ്പൊടി – കാൽ ടീസ്പൂൺ
•ഉപ്പ് – ഒരു നുള്ള്
•നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
•തേങ്ങാക്കൊത്ത് അരിഞ്ഞത് – കാൽ കപ്പ്
•അണ്ടിപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ
•ഉണക്കമുന്തിരി – ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ഫ്രൈ ചെയ്തെടുക്കുക. പകുതി ഫ്രൈ ആകുമ്പോൾ ഇതിന്റെ പകുതി മാറ്റിവയ്ക്കാം. അതിനുശേഷം ബാക്കി പകുതി കുറച്ചുകൂടെ നേരം ഫ്രൈ ചെയ്തെടുക്കാം. ഏതാണ്ട് ചെറിയ ബ്രൗൺ നിറം ആകുമ്പോൾ ആദ്യത്തെ പകുതിയിലേക്ക് ഇത് ഇട്ടു കൊടുക്കാം. ഇനി ഇത് ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം. മുക്കാൽ കപ്പ് ഒന്നാം പാലും ഒരു കപ്പ് രണ്ടാം പാലും നാലര കപ്പ് മൂന്നാം കാലും വേണം.
തേങ്ങാപ്പാൽ പിഴിഞ്ഞെടുത്തതിനു ശേഷം നേരത്തെ വറുത്തുവച്ച ചെറുപയർ പരിപ്പ് നന്നായി കഴുകിയെടുത്ത് കുക്കറിലേക്ക് ഇട്ട് ഇതിന്റെ കൂടെ തന്നെ നാലര കപ്പ് മൂന്നാം പാലും കൂടെ ഒഴിച്ച് ഒരു വിസിൽ വരുന്നവരെ വേവിച്ചെടുക്കുക.
ഇനി ഇതിന്റെ ആവി പോകാനായിട്ട് മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് 450 ഗ്രാം ശർക്കരയിലേക്ക് 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി അലിയിപ്പിച്ചെടുക്കുക. ഏതാണ്ട് ഈ സമയം ആവുമ്പോഴേക്കും കുക്കറിന്റെ വിസിൽ പോയി കാണും. ഇനി കുക്കർ തുറന്ന് നന്നായി തിളച്ചുവന്ന ശർക്കര നീര് ചൂടോടെ തന്നെ കുക്കറിലേക്ക് അരിച്ചു ഒഴിക്കാം. ശേഷം ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇനി ഉപ്പും, ചുക്കുപൊടിയും, ഏലക്കാപ്പൊടിയും, ജീരകപ്പൊടിയും ഇട്ട് നന്നായി വീണ്ടും തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം. തീ ഓഫ് ചെയ്തതിനു ശേഷം ഒന്നാം പാലും കൂടെ ഒഴിച്ചുകൊടുക്കാം.
മറ്റൊരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം തേങ്ങാക്കൊത്ത് അരിഞ്ഞത് ഇട്ടു കൊടുക്കാം. ഇത് ചെറുതായിട്ട് ഫ്രൈ ആയി വരുമ്പോൾ അണ്ടിപ്പരിപ്പും ഇട്ടു കൊടുക്കാം, ഇതും ചെറുതായിട്ട് ഫ്രൈ ആയി കഴിഞ്ഞാൽ ഉണക്കമുന്തിരി കൂടിയിട്ട് നന്നായി എല്ലാം കൂടെ ഫ്രൈ ചെയ്തെടുക്കുക. ഇത് നേരെ പായസത്തിലേക്ക് ഇട്ടുകൊടുക്കാം. രുചികരമായ പായസം എളുപ്പത്തിൽ തയാറായി.
content highlight: special-payasam-recipe