രുചിയിലും ആകൃതിയിലും അൽപം വ്യത്യസ്തമായ സ്പൈസ്ഡ് ബട്ടർ കുക്കീസ് എളുപ്പം തയ്യാറാക്കിയാലോ?. വീട്ടിൽ തന്നെ എളുപ്പത്തിൽ അധികം ചേരുവകളൊന്നുമില്ലാതെ ഈ സ്പെഷ്യൽ കുക്കീസ് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ബട്ടർ 120 ഗ്രാം
ബ്രൗൺ ഷുഗർ 80 ഗ്രാം
മുട്ട 1
കറുവപ്പട്ട പൊടിച്ചത് 2 ടീസ്പൂൺ
ഗ്രാമ്പു പൊടിച്ചത് 1/2 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് 1 ടീസ്പൂൺ
ജാതിക്കായ പൊടിച്ചത് 1/4 ടീസ്പൂൺ
മൈദ 250 ഗ്രാം
ഉപ്പ് 1/2 ടീസ്പൂൺ
മെൽറ്റഡ് ബട്ടർ ബ്രഷ് ചെയ്യുന്നതിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബട്ടറും ബ്രൗൺ ഷുഗറും മിക്സ് ചെയ്തതിനു ശേഷം ഒരു മുട്ടയും കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കുക. അതിനുശേഷം പട്ട, ഗ്രാമ്പു, ഏലക്കായ, ജാതിക്കായ എന്നിവ പൊടിച്ചത് കൂടി ചേർത്ത് യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് മൈദ, ഉപ്പ് എന്നിവ ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം അഴഞ്ഞ ഒരു പരുവത്തിൽ കുഴച്ചെടുക്കാം. ഇനി ഇത് 10 മിനിറ്റ് ഫ്രിഡ്ജിൽ വച്ച ശേഷം എടുത്ത് അര സെൻറീമീറ്റർ കനത്തിൽ പരത്തി എടുക്കാം. ഇനി ഒരു കുക്കീസ് കട്ടർ വെച്ച് കട്ട് ചെയ്തെടുത്ത ശേഷം ഒരു ട്രേയിൽ നിരത്തി 10 മിനിറ്റ് കൂടി ഫ്രിഡ്ജിൽ വച്ച് എടുക്കാം. മെൽറ്റ് ചെയ്തെടുത്ത ബട്ടർ, കുക്കീസിന് മുകളിൽ ബ്രഷ് ചെയ്തു കൊടുത്ത ശേഷം 180 ഡിഗ്രി ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. 10 മിനിറ്റ് ട്രേയിൽ തന്നെ ചൂടാറാൻ വെച്ച ശേഷം ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റാം. സ്പൈസ്ഡ് ബട്ടർ കുക്കീസ് തയ്യാറായിക്കഴിഞ്ഞു.
content highlight: home-made-butter-cookies-recipe