സമ്പന്നമായ സംസ്കാരത്തിനും പൈതൃകത്തിനും സാഹിത്യരചനകള്‍ക്കും രുചികരമായ വിഭവങ്ങള്‍ക്കുമെല്ലാം പ്രശസ്തമാണ് പശ്ചിമ ബംഗാൾ. കൂടാതെ, പച്ചപ്പു നിറഞ്ഞ കുന്നുകൾ മുതൽ ശാന്തമായ ബീച്ചുകൾ വരെ പ്രകൃതി ഭംഗിയാര്‍ന്ന ഒട്ടേറെ ഇടങ്ങളും ബംഗാളിലുണ്ട്. വര്‍ഷം തോറും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബംഗാളിലെ മികച്ച രണ്ടു ബീച്ചുകളാണ് മന്ദാര്‍മണിയും ദിഘയും. വെറും മുപ്പതു കിലോമീറ്റര്‍ ആണ് ഇവയ്ക്കിടയിലുള്ള ദൂരം. അരമണിക്കൂര്‍ കൊണ്ട് ഒരു ബീച്ചില്‍ നിന്നും അടുത്ത ബീച്ചിലേക്ക് എത്താം. സമുദ്രവിനോദങ്ങള്‍ക്കും കാഴ്ചകള്‍ക്കുമെല്ലാം പ്രശസ്തമാണ് രണ്ടും. സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ച് റിസോര്‍ട്ടുകളായ മന്ദാര്‍മണിയെക്കുറിച്ചും ദിഘയെക്കുറിച്ചും കൂടുതലറിയാം.
ബംഗാൾ ഉൾക്കടലിന്‍റെ വടക്കേ അറ്റത്ത്, കിഴക്കന്‍ മിഡ്നാപ്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു കടൽത്തീര റിസോർട്ട് ഗ്രാമമാണ് മന്ദാര്‍മണി. കൊൽക്കത്ത-ദിഘ റൂട്ടിൽ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. സംസ്ഥാനത്തെ വലുപ്പമേറിയതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ കടൽത്തീര റിസോർട്ട് ഗ്രാമങ്ങളിലൊന്നാണിത്. അധികം തിരക്കില്ലാതെ, വൃത്തിയുള്ള ബീച്ചും കാഴ്ചകളും ആസ്വദിക്കാന്‍ ആഗ്രഹമുള്ള സഞ്ചാരികള്‍ക്ക് മികച്ച ഇടമാണ് ഇവിടം. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവ് ഇൻ ബീച്ചാണ് ഇത് എന്ന് പറയപ്പെടുന്നു. താരതമ്യേന തിരമാലകള്‍ വളരെ കുറവാണ് ഈ മേഖലയില്‍.ഏകദേശം 13 കിലോമീറ്റർ നീളത്തില്‍ കിടക്കുന്ന കടൽത്തീരത്ത്, ഇഴഞ്ഞുനടക്കുന്ന ചുവന്ന ഞണ്ടുകൾ മന്ദാര്‍മണിയുടെ പ്രത്യേക ആകർഷണമാണ്. ‘ചുവന്ന ഞണ്ടുകളുടെ വീട്’ എന്നാണ് മന്ദാര്‍മണി അറിയപ്പെടുന്നത്. ഇവ ഒരുമിച്ച് കടലില്‍ നിന്നും കയറിവരുന്ന സമയത്ത് ബീച്ചിലാകെ ചുവന്ന പരവതാനി വിരിച്ച ഒരു പ്രതീതിയാണ് കാഴ്ചക്കാര്‍ക്ക് ഉണ്ടാവുക.
വൈകുന്നേരമാകുമ്പോഴേക്കും കടലിലേക്ക് ഇറങ്ങിപ്പോകുന്ന കുങ്കുമസൂര്യന്‍ മനസ്സില്‍ സന്തോഷത്തിന്‍റെ സമുദ്രമായി നിറയും. കടല്‍ത്തീരമാകെ സഞ്ചാരികളുടെ കൂടാരങ്ങള്‍ കൊണ്ട് നിറയും. ക്യാംപ് ഫയറിന് ചുറ്റും പാട്ടുപാടുകയും നൃത്തംവയ്ക്കുകയും ചെയ്യുന്ന സഞ്ചാരികള്‍ ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ചയാണ്. രാത്രിയില്‍ കടല്‍ക്കാറ്റിന്‍റെ തണുപ്പും ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയും കണ്ട് കൂടാരത്തിനുള്ളില്‍ ചിലവഴിക്കാം.ബംഗാളിലെ മറ്റൊരു പ്രശസ്തമായ കടൽത്തീരമാണ് ദിഘ. കൊൽക്കത്തയിൽ നിന്ന് 187 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഴം കുറഞ്ഞ മണൽ കടൽത്തീരമുള്ള ദിഘയില്‍ 7 കിലോമീറ്റർ വരെ നീളമുള്ള സുന്ദരമായ ബീച്ചുണ്ട്. കടല്‍ത്തീരമാകെ കാഷ്വറിന തോട്ടങ്ങളാണ്. തീരത്തിന്‍റെ ഭംഗി കൂട്ടുന്നതിന് പുറമേ, ഈ മരങ്ങൾ മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
തീരത്ത് നിന്ന് ഒരു മൈൽ വരെ ശാന്തവും ആഴം കുറഞ്ഞതുമാണ് കടല്‍. അതുകൊണ്ടുതന്നെ നീന്തല്‍ പഠിക്കാനും മറ്റും മികച്ച സ്ഥലമാണ് ഇവിടം. സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനും ഇവിടേക്ക് ഒട്ടനവധി ആളുകള്‍ എത്തുന്നു.പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ ദിഘ, ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറൻ ഹേസ്റ്റിംഗ്സിന്‍റെ കാലത്ത് ‘ബീർകുൽ’ എന്നാണ് അറിയപ്പെട്ടിരുന്നത്. വാറൻ ഹേസ്റ്റിംഗ്സ് തന്‍റെ ഭാര്യക്ക് എഴുതിയ ഒരു കത്തിൽ “കിഴക്കിന്‍റെ ബ്രൈറ്റൺ” എന്നാണ് ദിഘയെ വിളിച്ചത്. പിന്നീട് 1923- ൽ, ഇംഗ്ലീഷ് വിനോദസഞ്ചാരിയായ ജോൺ ഫ്രാങ്ക് സ്മിത്ത് ദിഘയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി ഇവിടെ താമസിക്കാൻ തുടങ്ങി. ദിഘയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. സ്വാതന്ത്ര്യാനന്തരം, ദിഘയെ ഒരു ബീച്ച് റിസോർട്ടായി വികസിപ്പിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഡോ. ബിദാൻ ചന്ദ്ര റോയിയെ ബോധ്യപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
ദിഘയിലെ മറൈൻ അക്വേറിയത്തിലും റീജിയണൽ സെന്ററിലുമായി സ്രാവുകൾ, ഷെല്ലുകൾ, കടൽ സർപ്പങ്ങൾ, പലതരം മത്സ്യങ്ങൾ എന്നിവ കാണാം. ബീച്ചിനു ചുറ്റുമായി അമരാബതി പാര്‍ക്കുണ്ട്. പടിഞ്ഞാറ് ഭാഗത്തായി ശിവന് സമർപ്പിച്ചിരിക്കുന്നതും വെളുത്ത താഴികക്കുടമുള്ളതുമായ ചന്ദനേശ്വർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.ദിഘയിൽ മന്ദാർമണിയേക്കാൾ കൂടുതൽ ബീച്ചുകൾ ഉണ്ട്. തലസാരി ബീച്ച്, ഉദയ്പൂർ ബീച്ച്, ശങ്കർപൂർ ബീച്ച്, ന്യൂ ദിഘ ബീച്ച്, ചാന്ദ്പൂർ ബീച്ച്, ഓൾഡ് ദിഘാ ബീച്ച്, ജുൻപുട്ട് ബീച്ച്, താജ്പൂർ ബീച്ച് എന്നിവയാണ് ദിഘയിലെ പ്രധാന ബീച്ചുകൾ. ജലവിനോദങ്ങള്‍ക്കും മന്ദാർമണിയേക്കാൾ മികച്ചതാണ് ദിഘ. സ്പീഡ് ബോട്ടുകൾ, ജെറ്റ്‌സ്‌കികൾ, എടിവികൾ, ബനാന ബോട്ടുകൾ തുടങ്ങി നിരവധി വാട്ടർ സ്പോര്‍ട്സ് ഇനങ്ങള്‍ ദിഘയില്‍ പരീക്ഷിക്കാം.
STORY HIGHLLIGHTS: Best of Mandarmani and Digha West Benga