സൗദി ജനതയിലെ 55000 കുടുംബങ്ങൾ കൂടി വീട് സ്വന്തമാക്കി. സകനീ പദ്ധതി വഴിയാണ് ഈ വർഷം ആദ്യ പകുതിയിൽ ഇത്രയധികം വീടുകൾ കൈമാറിയത്. നേരത്തെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന രീതി മാറ്റിയാണ് പുതിയ വീടുകളിലേക്ക് സൗദികൾ മാറുന്നത്. ഇതിനായി ലോണും ഭരണകൂടം നൽകുന്നുണ്ട്.
സൗദികളുടെ പരമ്പരാഗത രീതി അനുസരിച്ച് വാടക വീടുകളിലാണ് ഭൂരിഭാഗം പേരും താമസിച്ചിരുന്നത്. എന്നാൽ നിലവിൽ സൗദി ഭരണകൂടം ഓരോ കുടുംബങ്ങൾക്കും വീട് നിർമിച്ചു നൽകുകയാണ്. നിർമിക്കുന്ന വീടുകൾ ടോക്കൺ അടിസ്ഥാനത്തിലാണ് സൗദികൾക്ക് കൈമാറുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പലിശ രഹിത ലോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം നേരത്തെ ലോൺ സ്വന്തമാക്കിയവരിൽ തിരിച്ചടവിന് സാധിക്കാത്തവർക്ക് ഇളവുകളും പുതിയ പ്രഖ്യാപനത്തിലുണ്ട്.
ഈ വർഷം മാത്രം 55000ത്തിലേറെ പേരാണ് പുതിയ വീടുകളിലേക്ക് മാറിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8% വർദ്ധനവാണുള്ളത്. കഴിഞ്ഞ വർഷം 44,000 പേരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇത് കൂടാതെ പൗരന്മാരെ സാമ്പത്തികമായി പിന്തുണക്കാൻ വിവിധ പദ്ധതികളും ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് കൂടുതലായും വീടുകൾ നിർമിക്കുന്നത്. ഈ നഗരങ്ങളിൽ വാടക കെട്ടിടങ്ങളിൽ നിന്ന് മാറി സ്വന്തം വീടുകളിലേക്ക് മാറി താമസിക്കുകയാണിപ്പോൾ സൗദികൾ.