ചന്ദ്രന്റെ ഒരു തുണ്ട് ഭൂമിയിലേക്കിറക്കിവച്ച് അതിനു ചേര്‍ന്നുള്ള കുന്നുകളില്‍ അടുക്കടുക്കായി കെട്ടിടങ്ങളും പണിത് പശ്ചാത്തലത്തില്‍ ഹിമാലയം കൂടി ചേര്‍ത്തു വച്ചാല്‍ കിട്ടുന്ന സ്വപ്‌നം പോലുള്ള കാഴ്ച… അതാണ് ലമായുരു എന്ന ഹിമാലയന്‍ ഗ്രാമം. ലഡാക്കിലെ ഏറ്റവും പഴക്കമുള്ള ബൗദ്ധ സന്ന്യാസി മഠമാണ് ലമായുരുവിലേത്. ഭൂമിശാസ്ത്രപരമായും ആത്മീയമായും സൗന്ദര്യാത്മകമായും സഞ്ചാരികള്‍ക്ക് സവിശേഷ അനുഭവങ്ങളാണ് ഈ ഹിമാലയന്‍ ഗ്രാമം സമ്മാനിക്കുക. പത്താം നൂറ്റാണ്ടില്‍ പണിത ബുദ്ധവിഹാരമാണ് ലമായുരുവിലെ പ്രധാന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം. ആയിരക്കണക്കിന് തടാകമായിരുന്ന പ്രദേശമാണ് ഇന്ന് മൂണ്‍ലാന്‍ഡ് എന്നു വിളിക്കുന്ന വിചിത്ര പ്രദേശമായി മാറിയത്. തടാകത്തിന്റെ അടിത്തട്ടില്‍ വര്‍ഷങ്ങളെടുത്ത് അടിഞ്ഞു കൂടിയ എക്കലും മണ്ണുമൊക്കെയാണ് ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ അപൂര്‍വ ഭൂമികയെ സൃഷ്ടിച്ചത്. അതിനൊപ്പം പ്രദേശത്തുണ്ടായ വലിയൊരു മണ്ണിടിച്ചിലും തടാകത്തെ നികത്തി ഈ പ്രദേശത്തെ മനുഷ്യ വാസയോഗ്യമാക്കുന്നതില്‍ പങ്കുവഹിച്ചു.
ഈ ഭൂമിയിലുള്ളതു തന്നെയോ എന്ന് തോന്നിപ്പിക്കുന്ന പ്രദേശമാണ് ലമായുരു. ഹിമാലയവും തണുപ്പും വരണ്ട കാലാവസ്ഥയും കാറ്റുമെല്ലാം ചേര്‍ന്നുള്ള പ്രകൃതിയുടെ പശ്ചാത്തലമൊരുക്കല്‍ കൂടിയാവുമ്പോള്‍ ഈ തോന്നലിനെ കൂട്ടുകയും ചെയ്യും. ഒറ്റ നോട്ടത്തില്‍ ചന്ദ്രനില്‍ സെറ്റിട്ടതു പോലുള്ള പ്രദേശമെന്ന് ലമായുരുവിനെ വിശേഷിപ്പിക്കാം. അതുകൊണ്ടൊക്കെയാണ് മൂണ്‍ലാന്‍ഡ് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചിരിക്കുന്നതും. ലമായുരുവില്‍ നൂറോളം വീടുകളാണുള്ളത്. ഇതാകട്ടെ പാറകള്‍ക്ക് മുകളില്‍ തട്ടുകളായാണ് പണിതുയര്‍ത്തിയിരിക്കുന്നത്. കാര്യമായ പച്ചപ്പില്ലാത്തതും അന്യഗ്രഹം പോലെ ലമായുരുവിനെ തോന്നിപ്പിക്കുന്നതില്‍ പ്രധാന പങ്കുവവഹിക്കുന്നുണ്ട്. ലേയില്‍ നിന്നും 125 കിലോമീറ്റര്‍ ദൂരെ ലേ – ശ്രീനഗര്‍ ദേശീയപാതയിലാണ് ലമായുരുവെന്ന ബുദ്ധ സന്ന്യാസി ഗ്രാമമുള്ളത്. ലേയില്‍ നിന്നും കാര്‍ഗിലിലേക്കും ശ്രീനഗറിലേക്കും പോകുന്ന ഏത് വാഹനവും ലമായുരു വഴിയാണ് പോവുക. ലേ ബസ് സ്റ്റാന്‍ഡില്‍ നിന്നും ലമായുരുവിലേക്ക് ബസ് സര്‍വീസും ലഭ്യമാണ്.
ലമായുരു ഗോംപയിലെ പ്രധാന ഉത്സവം യുരു കബ്ഗ്യാദ് ബുദ്ധിസ്റ്റ് മാസ്‌ക് ഫെസ്റ്റിവലാണ്. ഗ്രാമത്തില്‍ നിന്നും മുകളിലായാണ് ലഡാക്കിലെ തന്നെ ഏറ്റവും ആദ്യകാല സന്ന്യാസ മഠങ്ങളിലൊന്നായ സ്വാസ്തിക സ്ഥിതി ചെയ്യുന്നത്. കശ്മീരി യോഗി എന്നറിയപ്പെടുന്ന സന്ന്യാസിയാണ് 11ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ മഠത്തിന്റെ സ്ഥാനം കണ്ടെത്തിയതെന്നും കരുതപ്പെടുന്നു. നീലാകാശത്തിന് താഴെ ചെമ്മണ്ണ് നിറത്തിലുള്ള പര്‍വതത്തിനും താഴെ കരുത്തുറ്റ പാറയ്ക്കു മുകളിലാണ് ലമായുരു ഗോംപ അഥവാ ലമായുരുവിലെ ആശ്രമമുള്ളത്. രാവിലെയും വൈകുന്നേരവും അതിമനോഹരമാണ് ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങള്‍. പൊടിപടലങ്ങളില്ലാത്ത അന്തരീക്ഷവും തെളിച്ചമേറിയ സൂര്യപ്രകാശവും സഞ്ചാരികള്‍ പുതിയ ലോകത്തെ പരിചയപ്പെടുത്തും. പ്രകൃതി ദൃശ്യങ്ങള്‍ക്കൊപ്പം മഠത്തില്‍ നിന്നുള്ള പ്രാര്‍ഥനകളും ചേര്‍ന്ന് പകരം വെക്കാനാവാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് ഈ ബുദ്ധ ഗ്രാമം സമ്മാനിക്കുക.
STORY HIGHLLIGHTS: Lamayuru The Moonland of Ladakh