Kerala

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം ശക്തമാകുന്നു; കൊൽക്കത്ത ആർ.ജി കർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ | Young doctor’s murder: Protests intensify; Prohibitory order in Kolkata RG car hospital premises

കൊൽക്കത്ത: വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ കൊൽക്കത്തയിൽ പ്രതിഷേധം ശക്തമാകുന്നു. കൊൽക്കത്ത ആർ.ജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധർണയോ പാടില്ലെന്ന് പൊലീസ് നിർദേശം നൽകി. ഏഴ് ദിവസത്തേക്കാണ് കൊൽക്കത്ത പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ആശുപത്രി പരിസരത്ത് റാലികൾ, യോഗങ്ങൾ, ഘോഷയാത്രകൾ, ധർണകൾ, പ്രകടനങ്ങൾ, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടൽ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ആഗസ്ത് 9-നാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ഇതിന് പിന്നാലെ ബുധനാഴ്ച, ആർജി കാറിലെ സമരപന്തലും ആശുപത്രി കാമ്പസും ഒരുകൂട്ടം ആളുകള്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ പത്തിലധികം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.