ഒളിംപിക് മെഡല്‍ നഷ്ടമായതാണ് ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ മുറിവെന്ന് വിനേഷ് ഫോഗട്ട്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് തുടരുക തന്നെ ചെയ്യുമെന്നും വിനേഷ് പറഞ്ഞു. പാരിസില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ താരം നാട്ടിലെത്തി സംസാരിക്കവേയായിരുന്നു പരാമർശങ്ങൾ. ഗുസ്തിയിലേക്ക് തിരിച്ചുവരുമെന്ന സൂചനയും ഇതിനിടയിൽ നൽകി.
‘ഒളിംപിക് മെഡല്‍ നഷ്ടമായതാണ് ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ മുറിവെന്ന് എനിക്ക് പറയാന്‍ കഴിയും. എന്റെ നാട്ടുകാര്‍, സഹതാരങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്നും ലഭിച്ച സ്‌നേഹം ആ മുറിവ് ഉണക്കാനുള്ള ധൈര്യം നല്‍കുമെന്ന് തോന്നുന്നു. ഒരുപക്ഷേ എനിക്ക് ഗുസ്തിയിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കും’,
‘ഗോദയില്‍ തുടരുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ നിങ്ങളില്‍ നിന്നും ലഭിച്ച ധൈര്യം ശരിയായ ദിശയില്‍ ഉപയോഗിച്ച് മുന്നോട്ടുപോകണം. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് തുടരുക തന്നെ ചെയ്യും’, വിനേഷ് പറഞ്ഞു.
പാരിസ് ഒളിംപിക്‌സിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് ഡല്‍ഹി വിമാനത്താവളത്തില്‍ വൈകാരിക സ്വീകരണമാണ് സഹതാരങ്ങളും ആരാധകരും ബന്ധുക്കളും താരത്തിന് ഒരുക്കിയത്. സ്വീകരണത്തില്‍ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറയുകയും ചെയ്തിരുന്നു.
തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ ഉണ്ടായതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.
അതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചിരുന്നു. ‘നിങ്ങളുടെ സ്വപ്നങ്ങളും എൻ്റെ ധൈര്യവും എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി എനിക്കില്ലെ’ന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചിരുന്നു അന്ന്.
content highlight: maybe-i-could-return-to-wrestling