വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുറ്റാരോപിതനായ റിബേഷിൻ്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു. റിബേഷിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണെന്നും ഷൈജു പറഞ്ഞു. വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങൾക്കെതിരെ ബഹുജന പോരാട്ടം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയിൽ സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണ് റിബേഷ് ചെയ്തത്. സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്.
റിബേഷിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകും. ഏത് അന്വേഷണ ഏജൻസിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ഡിവൈഎഫ്ഐ തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം ഡിവൈഎഫ്ഐ നൽകും. ശക്തമായ അന്വേഷണം നടന്നാൽ ഇതിനെല്ലാം പിന്നിൽ വ്യാജ പ്രസിഡൻ്റുമാർ ആണെന്ന് തെളിയുമെന്നും രാഹുൽ മാങ്കൂട്ടത്തെ ലക്ഷ്യം വെച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.
സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിബേഷിന്റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്.
റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ റിബേഷ് ഷെയർ ചെയ്‌ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന അനുമാനത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെ റിബേഷിനെതിരെയുംഡിവൈഎഫ്ഐക്കെതിരെയും വ്യാപക വിമര്ശനങ്ങളുയര്ന്ന സാഹചര്യത്തിലാണ് നടപടി.