ന്യൂഡൽഹി: കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂണിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകണം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും.
ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ഡോക്ടറുടെ കുടുംബം ആരോപിച്ചിരുന്നു.
കേസിൽ ഇടപെട്ട ഹൈക്കോടതി പോലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടുമെന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സര്ക്കാര് പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു.
ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്.
ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും. വിവിധ ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാർ കൊണാട്ട് പ്ലേസിൽ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്യും.