തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിര്‍ണായക ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുക്കും.
ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികൾ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇതിനകം ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാൻ തീരുമാനവും എസ്എൽബിസി യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.