India

‘കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതിവേണം’; സാൾട്ട് ലേക്കിന് മുന്നിൽ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം

മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകരാണ് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കൊൽക്കത്തയിൽ ഫുട്ബോൾ ആരാധകരും. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകരാണ് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ബം​ഗാളിൽ വ്യാപകമാകുന്ന സംഘർഷം കണക്കിലെടുത്ത് നടക്കാനിരുന്ന മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു.

പ്രതിഷേധം നടന്നേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ‘നീതിവേണം’ എന്ന മുദ്രാവാക്യം വിളികളുമായി എത്തിയ ആള്‍ക്കൂട്ടവും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഏതാനും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

ഫുട്‌ബോളിലെ ചിരവൈരികളായ ക്ലബ്ബുകളുടെ കൊടി ഒരേ ആവശ്യത്തിനുവേണ്ടി ആരാധകര്‍ ഒന്നിച്ചുയര്‍ത്തുന്ന അപൂര്‍വ്വ സംഭവത്തിലൊന്നാണ് പ്രതിഷേധമെന്ന് വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി.

അതിനിടെ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രം​ഗത്തുവന്നു. മൃതദേഹം സംസ്കരിക്കുന്നതിനായി അധികൃതർ തിടുക്കം കൂട്ടിയെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ഇദ്ദേഹം രം​ഗത്തുവന്നിരുന്നു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നുമായിരുന്നു ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. നീതിക്കുവേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നതെന്നും അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകൾക്ക് നീതി വേണമെന്നും പിതാവ് പറഞ്ഞു.

Latest News