ഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കുള്ളിലെ അതൃപ്തി പരസ്യമാക്കി ചംപയ് സോറൻ. പാർട്ടിയിൽ അപമാനവും അവഹേളനവും നേരിട്ടെന്നും ഇതിനാലാണ് മറ്റൊരു ബദൽ മാർഗ്ഗം തേടാൻ താൻ നിർബന്ധിതനായെന്നും ചംപയ് സോറൻ പറഞ്ഞു. ഇന്നുമുതൽ തന്റെ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുന്നുവെന്ന് ചംപയ് സോറൻ വ്യക്തമാക്കി.
ആദ്യത്തേത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക എന്നത്. രണ്ടാമത്തേത് സ്വന്തം സംഘടന രൂപീകരിക്കുക. മൂന്നാമത്തെത് ഒരു കൂട്ടാളിയെ കണ്ടെത്തി തുടർന്നുള്ള യാത്ര അവർക്കൊപ്പം നടത്തുക. എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് തനിക്ക് മുന്നിലുള്ളതെന്ന് ചംപയ് സോറൻ പറഞ്ഞു. വരുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ ഓപ്ഷനുകൾ തുറന്നിരിക്കും എന്നും ചംപയ് സോറൻ വ്യക്തമാക്കി.
ഇത് തൻ്റെ വ്യക്തിപരമായ സമരമാണെന്നും പാർട്ടിയെ ദ്രോഹിക്കില്ലെന്നും ജാർഖണ്ഡിന്റെ മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നും തൻ്റെ ജനങ്ങളുടെ അവകാശങ്ങൾക്കൊപ്പം നിന്നു. ജാർഖണ്ഡിൻ്റെ നല്ല ഭാവി മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ താൻ പുതിയ ഇടം തിരഞ്ഞെടുക്കാൻ നിർബന്ധിതനായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഹേമന്ത് സോറൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് ചംപയ് സോറൻ. ഹേമന്ദ് സോറൻ ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാജിവെക്കുകയും പകരം ചംപയ് സോറൻ മുഖ്യമന്ത്രിയാകുകയുമായിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഹേമന്ദ് സോറന് വീണ്ടും മുഖ്യമന്ത്രിയാകാൻ ചംപയ് സോറന് രാജിവെക്കേണ്ടി വന്നു. അന്ന് മുതൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അതൃപ്തി ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.