പത്തനംതിട്ട: സിപിഎമ്മിൽ വീണ്ടും നടപടി. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി.
ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് നേതൃത്വം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇന്ന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സംസ്ഥാന സമിതി അംഗം രാജു എബ്രഹാം അടക്കമുള്ളവർ യോഗത്തിലാണ് തീരുമാനം. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് കൊച്ചു പ്രകാശ് ബാബുവിനെതിരെ ഉയർന്നത്.
പാർട്ടി അംഗം തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്. രണ്ടര വർഷം മുൻപായിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ നിയമനം നേടി തരാമെന്ന് പറഞ്ഞ് സിപിഐഎം അംഗം കൂടിയായ ഒരാളുടെ പക്കൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചത്. രണ്ടേ മുക്കാൽ ലക്ഷം രൂപയാണ് കൊച്ചു ബാബു പ്രകാശ് തട്ടിയത്.
തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ.
ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.