Kozhikode

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്‌സിന് രോഗിയുടെ ക്രൂരമര്‍ദ്ദനം

ആശുപത്രിയിലെ 7-ാം വാർഡിലുള്ള രോഗി അക്രമാസക്തനായതോടെ മരുന്ന് നല്‍കാനായി എത്തിയതായിരുന്നു നഴ്‌സ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ നഴ്സിങ് ഓഫീസര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ഇവരുടെ വലതുകൈക്ക് പൊട്ടല്‍ ഏല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ആശുപത്രിയിലെ 7-ാം വാർഡിലുള്ള രോഗി അക്രമാസക്തനായതോടെ മരുന്ന് നല്‍കാനായി എത്തിയതായിരുന്നു നഴ്‌സ്. ഇഞ്ചക്ഷൻ നല്‍കി തിരിച്ചു പോകുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി രോഗി, നഴ്‌സിനെ ആക്രമിക്കുകയായിരുന്നു.

പുറത്ത് ശക്തമായി ചവിട്ടിയതിന്റെ ആഘാതത്തില്‍ തെറിച്ചുപോയ നഴ്‌സിന്റെ കയ്യും മുഖവും ഒരു ഗ്രില്ലില്‍ ഇടിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും കയ്യിന് ക്ഷതമേല്‍ക്കുകയും ചെയ്തു. മുഖത്ത് ആറോളം തുന്നലുണ്ട്.

സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ രംഗത്തുവന്നു. നഴിസിങ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. പ്രജിത്ത്, പ്രസിഡന്റ് സ്മിത എന്നിവര്‍ ആവശ്യപ്പെട്ടു. അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.