ഡെറാഡൂണ്‍: ഡെറാഡൂണില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഈ മാസം 12നും 13നുമിടയിലുള്ള രാത്രിയില്‍ ഡെറാഡൂണില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബസ്സ് ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നിവാസിയായ പെണ്‍കുട്ടി ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെത്തിയതായിരുന്നു. തനിച്ചായ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം ബസ്സ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു, തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കേസ് എടുക്കുകയായിരുന്നു.
തീര്‍ത്തും അവശനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് സിഡബ്ല്യുസി പ്രവര്‍ത്തകര്‍ പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.
”ഭഗ്‌വന്‍പൂരിലെ ബസ് ഡ്രൈവറാണ് പ്രധാന പ്രതി. അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റൊരു ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും സ്വീപ്പര്‍ക്കും കാഷ്യര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ച് പേരെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ധര്‍മേന്ദ്ര കുമാര്‍, ദേവേന്ദ്ര, രവി കുമാര്‍, രാജ്പാല്‍, രാജേഷ് കുമാര്‍ സോങ്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മജ്‌റ, ബഗ്ഗാവാള, ഭഗ്‌വന്‍പുര്‍ എന്നിവിടങ്ങളിലെ താമസക്കാരാണ് പ്രതികള്‍,” എസ്എസ്പി പറഞ്ഞു. ഡല്‍ഹിയിലെ കശ്മീര്‍ ഗേറ്റില്‍ പെണ്‍കുട്ടി കറങ്ങിനടക്കുന്നതായി കണ്ടെന്നും ബസില്‍ കയറിയിരിക്കാന്‍ പറഞ്ഞതായും പ്രധാനപ്രതി മൊഴി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ന്യായ സംഹിതയിലെ 70 (2) വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ 5ജി/6 പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് ബാഹ്യമായ പരുക്കുകളൊന്നുമില്ലെങ്കിലും ആഭ്യന്തര പരുക്കുകളില്ലെന്ന് ഉറപ്പില്ലെന്ന് ശിശുക്ഷേമ സമിതി സൂപ്പര്‍വൈസര്‍ സരോജിനി പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.