പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്ന് എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. നിലവിൽ കെ.ടി.ഡി.സി ചെയർമാനായ ശശിയെ ആ സ്ഥാനത്ത് നിന്നു മാറ്റാനും സാധ്യതയുണ്ട്.
വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശിക്ക് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി.
നേരത്തെ പികെ ശശിക്കെതിരെ നടപടി ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കാലങ്ങളായി ഈ ആവശ്യം നീണ്ടു പോവുകയായിരുന്നു. ഇതിലാണ് ഇപ്പോൾ പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ ഏരിയാ കമ്മിറ്റി ഒഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയും പികെ ശശിക്കെതിരെ ഉയർന്നിരുന്നു.
പത്തനംതിട്ട സിപിഎമ്മിലും ഇന്ന് നേതാക്കൾക്കെതിരെ നടപടിയുണ്ടായി. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ.