വയനാട്: മുണ്ടക്കൈ ദുരന്തബാധിതരിൽ നിന്ന് ഇ.എം.ഐ പിടിക്കരുതെന്ന് ജില്ലാ കലക്ടർ. ഇക്കാര്യം ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടർ കത്തയച്ചു. ദുരന്തബാധിതർക്ക് നൽകിയ തുകയിൽ നിന്ന് ബാങ്ക് വായ്പ്പയുടേയും മറ്റും തുക കട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തിൽ കട്ട് ചെയ്ത തുക തിരിച്ച് നൽകണമെന്നുമാണ് കലക്ടർ ഉത്തരവിട്ടത്.
തിങ്കളാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തില്‍ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുക്കും.
ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.