ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനെയും ചുറ്റിപ്പറ്റി പല ഐതിഹ്യങ്ങളും കഥകളും ഉണ്ടാവും. നിഗൂഢതകള്‍ ചുഴിഞ്ഞു നില്‍ക്കുന്നവയാണ് ഇവയില്‍ പല ദേവാലയങ്ങളും. അക്കൂട്ടത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ് മഹാരാഷ്ട്രയിലെ സപ്തശൃംഗി ക്ഷേത്രം.മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 60 കിലോമീറ്റർ അകലെ കൽവൻ താലൂക്കിലെ ചെറിയ ഗ്രാമമായ നന്ദൂരിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ഏഴു പര്‍വതശിഖരങ്ങളിലായി ദേവി വസിക്കുന്നു എന്നാണ് ഐതിഹ്യം. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളുടെ ഭാഗവും പ്രാദേശികമായി ഘാഡ്‌സ് എന്നറിയപ്പെടുന്ന ഏഴ് കുന്നുകളും ഉൾക്കൊള്ളുന്ന ഒരു മലനിരയാണ് സപ്തശൃംഗി. ഒരു പർവതത്തിന്‍റെ മുഖത്ത് പാറയിൽ കൊത്തിയെടുത്ത ദേവീ വിഗ്രഹമുണ്ട്. ഇത് സ്വയംഭൂവാണെന്നാണ് ഐതിഹ്യം.
സഞ്ചാരികള്‍ കൂടിയതോടെ കൂടുതല്‍ സൗകര്യങ്ങളോടെ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിലെത്താനായി അഞ്ഞൂറില്‍ അധികം പടികള്‍ കയറണം. ദസറയും നവരാത്രിയും ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്. ഒൻപത് ദിവസങ്ങളിലായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. സപ്തശൃംഗി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ചൈത്രോത്സവം. രാമനവമി ദിനത്തിൽ ആരംഭിക്കുന്ന ഉത്സവം ചൈത്ര പൂർണ്ണിമ വരെ നീണ്ടുനില്‍ക്കും. ഉത്സവ വേളയിൽ എല്ലാ ദിവസവും ദേവിക്ക് തേൻ, പഞ്ചസാര, പാൽ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ പഞ്ചാമൃതമുപയോഗിച്ച് അഭിഷേകം നടത്തും. കാല്‍ലക്ഷത്തിലേറെപ്പേര്‍ ഈ സമയത്ത് ഇവിടെയെത്തുന്നു എന്നാണ് കണക്ക്.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതല്‍പേരും വരുന്നത്. പാറക്കെട്ടുകളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ അപകടസാധ്യത ഏറെയുള്ള പ്രദേശമാണ് ഇവിടം. പാറകള്‍ വീണ് നിരവധി തീർഥാടകർക്ക് പരുക്കേറ്റിട്ടുണ്ട്. 2008-ൽ ഒരു സ്വകാര്യ ബസ് താഴ്‌വരയിലേക്ക് വീണ് 43 പേർ മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം, ഇത്തരം അപകടങ്ങൾ തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ പോലുള്ള ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതും സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതും ശ്രീ സപ്തശൃംഗ് നിവാസിനി ദേവി ട്രസ്റ്റാണ്.
STORY HIGHLLIGHTS: Saptashrungi Devi Temple, Nashik