India

സുപ്രധാന യോഗത്തിനിടെ ഹൃദയാഘാതം: കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ചെന്നൈയിലെത്തിയതായിരുന്നു രാകേഷ് പാല്‍

ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ചെന്നൈയിലെത്തിയതായിരുന്നു രാകേഷ് പാല്‍. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് രാകേഷ് പാലിന് അന്തിമോപചാരമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലൈയിലാണ് അദ്ദേഹം തീര സംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന 25-ാമത്തെയാളായിരുന്നു രാകേഷ് പാൽ. സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച, കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നും സ്വര്‍ണവും പിടികൂടിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങള്‍ രാകേഷ് പാലിന് കീഴില്‍കോസ്റ്റ് ഗാര്‍ഡ് നടത്തിയിട്ടുണ്ട്. തത്രക്ഷക് മെഡല്‍, പ്രസിഡന്റിന്റെ തത്രക്ഷക് മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.