സഞ്ചാരികൾക്കായി കച്ചിൽ മറഞ്ഞിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് കദിയ ധ്രോ. എന്നാല്‍ ഇന്ത്യയില്‍ ഉള്ളവര്‍ക്ക് പോലും ഈ സ്ഥലത്തെക്കുറിച്ച് വലിയ പിടിയൊന്നുമില്ല എന്നതാണ് സത്യം. പലരും ആദ്യമായാവും ഈ പേരു തന്നെ കേള്‍ക്കുന്നത്. എന്നാല്‍, ഭുജിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതാവട്ടെ, അവസാനിക്കാത്ത അദ്ഭുതക്കാഴ്ചകളാണ്. കരകൗശലപ്പണികള്‍ ചെയ്യുന്ന ആളുകളെ വിളിക്കുന്ന ‘കദിയ’, നദിക്കുള്ളിലെ ചെറിയ കുളം പോലുള്ള ഭാഗത്തിനെ സൂചിപ്പിക്കുന്ന കച്ച് പദമായ ‘ധ്രോ’ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് കദിയ ധ്രോ എന്ന പദം ഉണ്ടായത്. ഭായാദ് നദിയും പോഷകനദികളുമെല്ലാം ചേര്‍ന്ന് ഇതിലൂടെ ഒഴുകുന്നു.
ഇന്ത്യയുടെ ഗ്രാൻഡ് കാന്യൺ എന്നാണ് കദിയ ധ്രോ അറിയപ്പെടുന്നത്. കച്ചിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ജിയോമോർഫിക് സവിശേഷതകളിലൊന്നാണ് ഈ സ്ഥലം. വ്യത്യസ്ത നിറങ്ങളിലുള്ള മനോഹരമായ പാറക്കെട്ടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ജുറാസിക് കാലഘട്ടം മുതൽ ഭൂകമ്പശാസ്ത്രപരമായി സജീവമായ ഒരു പ്രദേശമാണ് കച്ച് ഭൂഗർഭതടം. പാറക്കെട്ടുകളിലെ ടെക്റ്റോണിക് അസ്വസ്ഥതകളും വര്‍ഷങ്ങളായുള്ള നദിയുടെ ഒഴുക്കും കാറ്റും മൂലം ഏതോ കരവിരുതാര്‍ന്ന ശില്‍പ്പി കൊത്തിയെടുത്ത പോലെ, ചാരുതയാര്‍ന്ന രൂപങ്ങളാണ് ഇവിടെയുള്ള പാറക്കെട്ടുകള്‍ ഓരോന്നും. പിങ്ക്, പർപ്പിൾ, സിയന്ന തുടങ്ങിയ ഷേഡുകളില്‍ ഉള്ള പാറകളില്‍ സൂര്യരശ്മികള്‍ തട്ടി പ്രതിഫലിക്കുന്ന കാഴ്ച അവിസ്മരണീയമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും മരതക കുന്നുകളും നദിയിലൂടെ തുള്ളിച്ചാടി നീന്തുന്ന മീന്‍കൂട്ടങ്ങളുമെല്ലാമാകുമ്പോള്‍ ഏതോ സ്വര്‍ഗീയഭൂമിയില്‍ ചെന്ന പ്രതീതിയാണ്.
ഈ സ്ഥലത്തെക്കുറിച്ച് പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. കാടിന് നടുവില്‍ സ്ഥിതിചെയ്യുന്ന ഈ പാറക്കൂട്ടങ്ങള്‍ പണ്ടുകാലത്ത് ഈ വഴി വരുന്ന സഞ്ചാരികള്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നു. നദിയില്‍ നിന്നും അവര്‍ ദാഹമകറ്റി. പാറയിടുക്കുകള്‍ക്കിടയിലുള്ള ചെറിയ ഭാഗങ്ങളില്‍ വര്‍ഷം മുഴുവന്‍ വെള്ളം നിറഞ്ഞുകിടക്കുമായിരുന്നു. ഈ ഭാഗങ്ങള്‍ ചേര്‍ന്ന് ചങ്ങലക്കണ്ണികള്‍ പോലെ തോന്നിക്കുമായിരുന്നു. ഗുജറാത്തി ഭാഷയില്‍ ‘കദി’ എന്നാല്‍ ചങ്ങല എന്നാണര്‍ത്ഥം, ‘ധ്രോ’ എന്നാല്‍, ദാഹമകറ്റിയ ശേഷം ആളുകള്‍ക്ക് ഉണ്ടാകുന്ന സംതൃപ്തിയും. അങ്ങനെയാണ് ഈ പേര് വന്നതെന്ന് ഒരു കഥയില്‍ പറയുന്നു. ഈ സ്ഥലത്തിന് ‘മമൈ ദേവ് കാലിയ ധ്രോ’ എന്നും പേരുണ്ട്. മഹേശ്വരി വിഭാഗത്തിലെ നാലാമത്തെ വിശുദ്ധനായ മമൈ ദേവിന്‍റെ ചെറുമകനുമായി ബന്ധപ്പെട്ട കഥയാണത്. ബോധോദയം ലഭിക്കുമ്പോള്‍ ഈ വിഭാഗത്തിലെ ആളുകള്‍ തങ്ങളുടെ ആത്മാവിനെ ആവാഹിച്ച് ഒരു വളയിലേക്ക് മാറ്റും. ഇത് മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാനായി, തങ്ങളുടെ അന്ത്യകാലത്ത് അവര്‍ ഒരു നദിയിലോ ജലാശയത്തിലോ ബലിയർപ്പിക്കുന്നു.
അങ്ങനെ മമൈ ദേവ് തന്‍റെ വള സമര്‍പ്പിച്ച സ്ഥലമാണ് ഇവിടം എന്നു പറയപ്പെടുന്നു. മുതലകൾക്കായി ദൈവം നിർമ്മിച്ച വീടാണ് ഈ സ്ഥലമെന്നു വിശ്വസിക്കുന്ന ആളുകളും ഉണ്ട്. കുസ്‌കോയിലെ വാലെ സഗ്രാഡോ ഡി ലോസ് ഇന്‍കാസ്, സെർബിയയിലെ സാവോവൈന്‍, ക്യൂബയിലെ ഹബാന വിയേജ എന്നീ മനോഹരതടാകങ്ങളുമായാണ് കദിയ ദ്രോവിനെ രാജ്യാന്തര മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തുന്നത്. കച്ചിന്‍റെ പരിസരപ്രദേശങ്ങളിലുള്ള സഞ്ചാരികളില്‍ പലരും ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും ടൂറിസം പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമല്ല ഇവിടം. സൂര്യോദയ സമയത്തെ ട്രെക്കിംഗിനാണ് കൂടുതല്‍ പേരും ഇവിടെ എത്തുന്നത്.
STORY HIGHLLIGHTS: Kaliya Dhrow: India’s Secret Geological Wonder