ഡൽഹി: കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സമയം തേടി. കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവർണർ കാണും. മുഖ്യമന്ത്രി മമതാ ബാനർജിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്.
നേരത്തെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ല. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി അതിശക്തമാകുകയാണ്. പ്രതിഷേധം രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ സമരം തുടങ്ങി. കൊൽക്കത്ത സംഭവത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പത്മ അവാർഡ് ജേതാക്കളായ ഡോക്ടർമാർ കത്ത് നൽകി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയിൽ ആശങ്കയെന്ന് ഡോക്ടർമാർ കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം നിയമം വേണമെന്നും കത്തിൽ ആവശ്യം ഉയർന്നു.