കോഴിക്കോട്: 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുൻ മാനേജറായിരുന്ന തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്. തെലങ്കാനയിലെ കർണാടക അതിർത്തിയോട് ചേർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
3 വർഷത്തോളം ബാങ്കിന്റെ വടകര ശാഖയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഇയാൾക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ പാലാരിവട്ടത്ത് ജോയിൻ ചെയ്യാതെ മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 17 കോടി രൂപ വില വരുന്ന സ്വർണവുമായാണ് ഇയാൾ കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വർണത്തിന് പകരം ഇയാൾ ബാങ്ക് ലോക്കറിൽ മുക്കുപണ്ടം സൂക്ഷിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസിൽ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.