ചലഞ്ചുകളുടെ കാലമാണ് ഇപ്പോള്‍. ‘ഐസ് ബക്കറ്റ് ചലഞ്ച്’ മുതല്‍ ‘സാലറി ചലഞ്ചു’ വരെ നടക്കുന്നുണ്ടിപ്പോള്‍. എന്റര്‍ടെയിന്‍മെന്റിനു തുടങ്ങിയ ചലഞ്ചുകള്‍ പിന്നീട്, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സീരിയസ്സ് ചലഞ്ചുകളിലേക്ക് വഴിമാറി. ഇപ്പോള്‍ വയനാട് മുണ്ടക്കൈ ദുരന്തത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ സാലറി ചലഞ്ച് നടക്കുകയാണ്. എന്നാല്‍, കേരളത്തില്‍ മറ്റൊരു ഗൗരവതരമായ ചലഞ്ച് നടക്കുന്നുണ്ട്. പ്രകൃതി, മലയാളികള്‍ക്കു നല്‍കുന്ന ചലഞ്ചാണത്. ഇത് അടിക്കടി നല്‍കുന്നുണ്ടെന്നതാണ് വ്യത്യാസം. അതും ജീവന്‍മരണ പോരാട്ടമാണ്. ‘പ്രകൃതി ദുരന്ത ചലഞ്ച്’. പ്രകൃതിയുടെ ഈ ചലഞ്ചിനെ നേരിടാനാണ് സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിക്കുന്നത്.
പ്രകൃതിയുടെ ചലഞ്ചിനെ സാലറി ചലഞ്ച് പ്രഖ്യാപിച്ചാണോ നേരിടേണ്ടത് എന്നൊരു പ്രസക്തമായ ചോദ്യം ഉയരുകയാണ്. ദുരന്ത ബാധിതരെ സഹായിക്കാന്‍ വേണ്ടിയാണ് സാലറി ചലഞ്ച് പ്രഖ്യാനം. എന്നാല്‍, പ്രകൃതിയുടെ ചലഞ്ചിനെ നേിടാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതാണ് പ്രസ്തകമായ ചോദ്യം. ഓരോ പ്രകൃതി ദുരന്ത ചലഞ്ചുകളിലും നഷ്ടം ഉണ്ടാകുന്നത്, നൂറുകണക്കിന് ജീവനുകളാണ്. ജീവനോപാധികളാണ്. വസ്തു വകകളാണ്. പ്രകൃതിയെ ചലഞ്ചു ചെയ്യാന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമല്ലെന്നാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് മനസ്സിലാകുന്നത്.
പ്രളയവും പേമാരിയും കൊടുങ്കാറ്റും നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റി. ഏതു നിമിഷവും ഇതൊക്കെ സംഭവിക്കാന്‍ സാധ്യത കൂടിയിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന തിരിച്ചറിവുണ്ടാകണം. വരാനിരിക്കുന്നതെല്ലാം അതി ഭയങ്കര പ്രകൃതി ദുരന്തങ്ങളാണെന്ന് പറയുന്നത് ഈ മേഖലയില്‍ പഠനം നടത്തുന്ന വിദഗ്ദ്ധര്‍ തന്നെയാണ്. ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്തിയും സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തിലുമാണ് അവര്‍ ഇതു പറഞ്ഞുവെയ്ക്കുന്നത്. കേരളത്തിന് അതിന്റെ സാമ്പിളുകള്‍ അടിക്കടി പ്രകൃതി നല്‍കിക്കഴിഞ്ഞു. 2018ലെ പ്രളയം.
അതിനു മുമ്പുണ്ടായ ഓഖി, അതിനും മുമ്പ് സൂനാമി, 2019ലെ പ്രളയം, ഇപ്പോഴിതാ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാനുള്ള ജ്ഞാനം മലയാളികള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ജീവിത സാഹചര്യങ്ങളുടെ വികാസത്തിനൊപ്പം അതെല്ലാം മറന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഭൗമശാസ്ത്രജ്ഞര്‍ പറയുന്ന കാര്യങ്ങളെല്ലാം സാധാരണ മനുഷ്യര്‍ക്കും അറിവുള്ളതായിരുന്നു ഒരുകാലത്ത്. കാരണം, ശാസ്ത്രം വളരുന്നതിനു മുമ്പ് മാനത്തുനോക്കി സമയം അറിയാനും, അന്തരീക്ഷ ഊഷ്മാവും, ജലസാന്നിധ്യവും മനസ്സിലാക്കി കാലാവസ്ഥ പ്രവച്ചിക്കാനും അറിവുള്ളവര്‍ ആയിരുന്നു പൂര്‍വ്വികര്‍. അതുകൊണ്ടുതന്നെ, പ്രകൃതിയില്‍ നോക്കി വരാനിരിക്കുന്ന ദുരന്തങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ നമുക്കറിയാമായിരുന്നു.
പണ്ട്, ദുരന്തങ്ങളെ കുറിച്ച് മുന്‍കൂട്ടി പറയുന്ന പൂര്‍വ്വികരില്‍ നിന്നും, ഇന്ന് ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പറയാന്‍ മടിക്കുന്നവരാണ് ഏറെയും. അതായത്, സത്യം മറച്ചുവെയ്ക്കപ്പെടുന്നു. ഇതിനു കാരണം, ഭയമാണ്. താന്‍ പ്രവചിച്ചിട്ടാണ് ദുരന്തം ഉണ്ടായതെന്ന കുറ്റപ്പെടുത്തലുകളെ ഭയന്നാണ് ദുരന്തങ്ങളെ മുന്‍കൂട്ടി പറയാതിരിക്കാന്‍ മലയാളികള്‍ പഠിച്ചത്. നമ്മുടെ ഒരു പ്രധാന പ്രശ്‌നമെന്തെന്നാല്‍, ഉന്നത ഉദ്യോഗസ്ഥരോ, സെലിബ്രിട്ടികളോ ദുരന്തങ്ങളെ കുറിച്ചു പറഞ്ഞാല്‍ മാത്രം അത് അംഗീകരിക്കുന്ന പ്രവണത വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ്. അതായത്, ദുരന്തങ്ങളെപ്പോലും അഡ്വര്‍ട്ടൈസിംഗ് ലേബലിലേക്ക് മാറ്റിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പ്രകൃതിയുടെ ദുരന്ത ചലഞ്ചിനെ നേരിടാന്‍ നമ്മള്‍ പ്രാപ്തിയില്ലാത്തവരായി മാറിപ്പോയത്.
മഴവെള്ളത്തെ ഭൂമിയിലിറങ്ങാന്‍ അനുവദിക്കാതെ മറ്റുവും പറമ്പുമെല്ലാം ചൈലിട്ട് വെടിപ്പാക്കിക്കഴിഞ്ഞു. തോടുകളും പാലങ്ങളും മണ്ണിട്ടു നികത്തി, നീര്‍ച്ചാലുകളെ കൊന്നെടുത്തു. പുഴകളുടെയും നദികളുടെയും ആഴം കൂട്ടി ആവശ്യത്തിന് ജലത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തിനാക്കാതെ, മാലിന്യം നിറച്ച് നശിപ്പിച്ചു. നെല്‍ വയലുകള്‍, കണ്ടക്കാടുകള്‍ എല്ലാം കോണ്‍ക്രീറ്റ് പാടങ്ങളായി മാറി. വമ്പന്‍ വീടുകള്‍, ഫ്‌ളാറ്റുകള്‍, മാളുകള്‍ എന്നിയെല്ലാം പ്രളയത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. മതില്‍ കെട്ടിയടച്ച് എനിക്കുള്ളത്, നിനക്കുള്ളത് എന്ന വേര്‍തിരിവു നടത്തുമ്പോള്‍ ഓര്‍ക്കണം, പ്രളം മരണത്തെ കൊണ്ടു തരുമെന്ന്.
ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കാതെ വെട്ടി മാറ്റപ്പെടുന്നു. മലകള്‍ തുരന്നും, പാറകള്‍ പൊട്ടിച്ചും പ്രകൃതിയെ ചലഞ്ചു ചെയ്തപ്പോള്‍, പ്രകൃതി തിരിച്ചു ചലഞ്ചു ചെയ്തതാണ് ഓരോ ദുരന്തങ്ങളും. ഇപ്പോള്‍ കേരളത്തില്‍ 90 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായെങ്കില്‍ വരാനിരിക്കുന്നത്, 900 ഉരുള്‍പൊട്ടലുകളാണെന്ന് പ്രകൃതി ചലഞ്ചു ചെയ്യുന്നുണ്ട്. അത് എവിടെയൊക്കെ പൊട്ടുമെന്നും എത്രപേരെ മണ്ണിനടിയിലാക്കുമെന്നും പ്രതിക്കു മാത്രമേ അറിയാനും കഴിയൂ. പറ്റുമെങ്കില്‍ തടയൂ എന്നതാണ് ചലഞ്ച്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴയുണ്ടാകുന്നത് അറബിക്കടലിലെ നീരാവി മേഘങ്ങളാകുമ്പോഴാണ്. അന്തരീക്ഷത്തിലെ ജലോപരിതലത്തിലെ ഊഷ്മാവ് ഏകദേശം 25 ഡിഗ്രി സെന്റീഗ്രേഡിലെത്തുമ്പോഴാണത്. കാറ്റും അന്തരീക്ഷ മര്‍ദ്ദവും ഇതിനനുകൂലമായ ഘടകങ്ങളുമാണ്.
1982 മുതല്‍ 2011 വരെയുള്ള കാലയളവില്‍ അറബിക്കടലില്‍ ഉണ്ടായ ഊഷ്മാവ് വര്‍ദ്ധന 0.6 ഡിഗ്രിയാണ്. 2011 മുതല്‍ 2019 വരെയുള്ള ഊഷ്മാവ് വര്‍ദ്ധന 0.4 ഡിഗ്രിയും. നിലവില്‍ കേരളത്തിന്റെ തീരക്കടലിലും ഉള്‍ക്കടലിലുമുള്ള ഊഷ്മാവ് ഏകദേശം 28 ഡിഗ്രിക്കും 29 ഡിഗ്രിക്കുമിടയിലാണ്. ഭൂമദ്ധ്യരേഖയ്ക്ക് വടക്കുള്ള ഇന്ത്യന്‍ മഹാസുദ്രത്തിലും അറബിക്കടിലിലും ഊഷ്മാവ് 30 ഡിഗ്രി എത്തിക്കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ ഭൂരിഭാഗവും ഇപ്പോള്‍ 21 ഡിഗ്രി സെന്റീഗ്രേഡിലാണ്. ആഗോള താപനില അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇനി അങ്ങോട്ട് കേരളത്തില്‍ മഴ കൂടാനേ സാധ്യതയുള്ളൂ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അറബിക്കടലില്‍ ഉണ്ടായ ചുഴിലകളായ ഓഖി, ലുബാന്‍, വായു എന്നിവ കേരളത്തെ തൊട്ടു തൊട്ടില്ലെന്ന രീതിയില്‍ കടന്നു പോയിരുന്നു.
അത് ഭൂമിയുടെ പ്രത്യേക ശക്തി കൊണ്ട് മാത്രമാണ്. പക്ഷെ, ചിലപ്പോള്‍ ചുഴലികള്‍ ഗതിമാറി കിഴക്കോട്ടും സഞ്ചരിക്കാറുണ്ട്. കൂടാതെ, ബംഗാള്‍ ഉള്‍ക്കടലില്‍ ഉത്ഭവിക്കുന്ന ചുഴലികള്‍ ഒന്നുംതന്നെ പശ്ചിമഘട്ടം കടന്ന് കേരളത്തില്‍ എത്തില്ല എന്ന മിഥ്യാ ധാരണ മാറ്റേണ്ട കാലമായിരിക്കുന്നു. 2000 നുമുമ്പുള്ള പതിറ്റാണ്ടുകളില്‍ ഉണ്ടായിട്ടുള്ള ചുഴലികളേക്കാള്‍ മൂന്നുമടങ്ങാണ് അറബിക്കടലിലും ബംഗാളിലും ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷവും ചുഴലിയുടെ ശക്തി കൂടിക്കൂടി വരികയാണ്. കേരളത്തില്‍ ഇനിയൊരു പ്രളയമുണ്ടാകുമോ?. എന്ന ചോദ്യത്തിന് ഉത്തരം ഈ ചുഴലികള്‍ നല്‍കും.
2019ലെ പ്രളയം കഴിഞ്ഞപ്പോള്‍ ദുരന്ത നിവാരണ അതോറിട്ടി ഒരു ഭൂപടം തയ്യാറാക്കിയിരുന്നു. കേരളത്തിലെ ഓരോ ജില്ലകളിലേയും പ്രദേശങ്ങളില്‍ കയറിയ വെള്ളത്തിന്റെ അളവും, ഉയരവും. ഈ കണക്കെടുപ്പും, ഭൂപടം തയ്യാറാക്കലും നടത്തിയത്, കഴിഞ്ഞുപോയ പ്രളയത്തിന്റെ വിലയിരുത്തലല്ല. വരാനിരിക്കുന്ന പ്രളയത്തിന്റെ മുന്നൊരുക്കമാണ്. നിലവില്‍ എത്ര മീറ്റര്‍ വെള്ളം ഉയര്‍ന്നുവെന്നും, അതിനു മുകളില്‍ എങ്ങനെ എത്തിപ്പെടാമെന്നുമുള്ള കണക്കെടുപ്പാണ് നടത്തിയിരിക്കുന്നത്. അതായത്, ഇനിയും വെള്ളപ്പൊക്കം ഉണ്ടാകാം. അതിന്റെ തീവ്രത ഇതുവരെ വന്നതിനേക്കാള്‍ ഭയാനകമാകാം എന്നാണ്.
content highlights; Will the flood come and drown?: Kerala’s ‘Natural Disaster Challenge’ (Special Story)