ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സജിമോന്‍ പാറയിലിന്റെ അപ്പീല്‍ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനിടെ ചോദ്യം ചെയ്ത് നടി രഞ്ജിനി നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സജിമോന്‍ പാറയില്‍ കോടതിയെ സമീപിച്ചത്. രഞ്ജിനിയുടെയും സജിമോന്റെയും അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഒരുമിച്ച് പരിഗണിക്കും.
ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് വി ജി അരുണ്‍കുമാറിന്റെ ബെഞ്ചായിരുന്നു നേരത്തെ സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു സജിമോന്‍ പാറയിലിന്റെ വാദം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമാണ് രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചത്.