ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ നടുക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും.
ആരെയും നിരോധിക്കാന്‍ ശക്തിയുള്ളവരാണിവര്‍. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. പൊലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി. സിനിമാ മേഖലയില്‍ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രിമിനലുകളാണ് സിനിമാ ലോകം നിയന്ത്രിക്കുന്നത്.
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ചൂഷണത്തിന്റെ വേദന നിറഞ്ഞ കഥകളും തേങ്ങലുകളുമാണ് മേഖലയില്‍. ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. ഇതൊന്നും പരിഹരിക്കാന്‍ പൊലീസ് ഇടപെടലോ മറ്റോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വനിതകള്‍ അടിമുടി വിവേചനം നേരിടുന്നുവെന്നും സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്‌ദമായി സഹിച്ചു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ സംവിധായകൻ ശകാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകി. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്.
ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോർട്ടിൽ, വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.