ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഇടം നേടി ഖത്തർ നാഷണൽ ലൈബ്രറി. അറബ് ലോകത്തെ തന്നെ ഏറ്റവും സുപ്രധാന ലൈബ്രറികളിൽ ഒന്നാണിത്. വായനാപ്രിയരുടേയും വിദ്യാർത്ഥികളുടേയും ഗവേഷകരുടെയുമെല്ലാം പ്രിയപ്പെട്ട ഇടമായ ഖത്തർ നാഷണൽ ലൈബ്രറി ഒരു പ്രധാന സന്ദർശക ഇടം കൂടിയാണ്.
ഖത്തറി സംസ്‌കാരവും പൈതൃകവും ആധുനിക സംവിധാനങ്ങളും ഒത്തുചേർന്ന മനോഹര നിർമിതിയാണ് ഖത്തറിന്റെ ഈ ദേശീയ ലൈബ്രറി. വാസ്തുവിദ്യയിൽ അത്യാധുനിക സാങ്കേതികവിദ്യയും സുസ്ഥിര സവിശേഷതകളും ഉൾക്കൊള്ളുന്ന ഖത്തർ നാഷനൽ ലൈബ്രറി രൂപകൽപന ചെയ്തത് വിഖ്യാത ഡച്ച് ആർക്കിടെക്റ്റ് രെം കൂൽഹാസാണ്. രണ്ട് കടലാസ് കഷണങ്ങൾ മടക്കിയുണ്ടാക്കിയ ഷെൽ പോലുള്ള ഘടന ഒറ്റ നോട്ടത്തിൽ തന്നെ ഏറെ ആകർഷണീയമാണ്.
15 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട് ഇവിടെ. പ്രധാനമായും അറബി, ഇംഗ്ലീഷ് ഭാഷകളിലാണെങ്കിലും മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളുമുണ്ട്. പ്രത്യേക ഗവേഷണ സൗകര്യങ്ങൾ, വിശാല വായനശാല, പൈതൃക ലൈബ്രറി തുടങ്ങിയവ ഖത്തർ നാഷനൽ ലൈബ്രറിയുടെ സവിശേഷതകളാണ്. പൈതൃക ലൈബ്രറിയിൽ അറബ്, ഇസ്‌ലാമിക സംസ്‌കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങളുടെ ശേഖരങ്ങൾ തന്നെയുണ്ട്. കുട്ടികളുടെ ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്കിംഗ് പ്ലേസ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സംവിധാനങ്ങൾ, റെസ്റ്റോറന്റ്, കഫേ തുടങ്ങി വിപുല സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.