സൗദിയിലെ പൊതു ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷാ വകുപ്പ് നിർദേശം പുറത്തിറക്കി. വാഹനത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരേയും നിർദേശങ്ങൾ പാലിക്കാത്തവരേയും പൊലീസിന് കൈമാറണമെന്നാണ് നിർദേശം. ബാഗേജുകൾ അലക്ഷ്യമായി കണ്ടാലും പൊലീസിനെ അറിയിക്കണം.
നാല് നിർദ്ദേശങ്ങളാണ് സുരക്ഷാ വകുപ്പ് പുറത്തിറക്കിയത്. മറ്റു യാത്രക്കാർക്കോ, ഡ്രൈവർക്കു നേരെയോ അപകടകരമാം വിധം പെരുമാറുകയോ. ശാരീരികമായി അപകടപ്പെടുത്തുകയോ ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാരനെ പൊലീസിന് കൈമാറണമെന്നാണ് ഒന്നാമത്തെ നിർദ്ദേശം. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ എന്നിവരോട് അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടാലും പോലീസിനെ വിവരമറിയിക്കണം. വാഹനത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരേയും നിർദേശങ്ങൾ പാലിക്കാത്തവരേയും കണ്ടെത്തി പോലീസിന് കൈമാറാണമെന്നാണ് രണ്ടാമത്തെ നിർദ്ദേശം.
യാത്രാ മധ്യേ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാലും അധികൃതരെ വിവരമറിയിക്കണം. ഐഡി കാർഡ് കാണിക്കാൻ വിസമ്മതിക്കുക, പ്രാർത്ഥനാ മുറികളിൽ ഉറങ്ങുക, ബാഗുകളോ ലഗേജുകളോ അലക്ഷ്യമായി കണ്ടെത്തുക ഉൾപ്പെടെയുള്ള കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാലും പോലീസിനെ അറിയിക്കണമെന്നാണ് മറ്റു നിർദ്ദേശങ്ങൾ. പബ്ലിക് ട്രാൻസ്പോർട് ഇൻസ്‌പെക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവാത്തതും കുറ്റകരമായി കണക്കാക്കും.