ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിന് ബംഗളുരു ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. മൈസുരു അര്‍ബന്‍ വികസന അതോറിറ്റി(മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഹൈക്കോടതി നടപടി.വിഷയത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോട്ട് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അനുമതിയില്‍ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരേ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഹൈക്കോടതി ഇന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയത്. അനുമതി നല്‍കാനുള്ള കാരണം ഗവര്‍ണര്‍ പറഞ്ഞിട്ടില്ലെന്നും ഭൂമി കുംഭകോണക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ തള്ളണമെന്ന സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം അവഗണിച്ചെന്നും സിദ്ധരാമയ്യയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി പറഞ്ഞു.
മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ലേ ഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്കു പകരമായി ഭൂമി നല്‍കിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണര്‍ക്ക് എബ്രഹാം ഓഗസ്റ്റില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡിലുള്ള കേസരയില്‍ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാന്‍ മൈസൂരു നഗരവികസന അതോറിറ്റിക്കു നല്‍കിയിരുന്നു. പകരം നല്‍കിയ ഭൂമി അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്. പാര്‍വതി നല്‍കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്‍കി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കര്‍ണാടക സര്‍ക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.
നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പറഞ്ഞിരുന്നു, ജുഡീഷ്യറി തന്റെ സഹായത്തിന് എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ കരിയറില്‍ താന്‍ മുഖ്യമന്ത്രിയും മന്ത്രിയുമായിരുന്നുവെന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ‘രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ അവര്‍ പ്രതിഷേധിക്കട്ടെ, ഞാന്‍ ശുദ്ധനാണ് എന്ന് പറഞ്ഞ് ബിജെപിയുടെ പ്രതിഷേധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.