കൊച്ചി: ഡബ്യൂസിസിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍ എന്നും അവരെ അഭിനന്ദിക്കുന്നു എന്നും നടി രഞ്ജിനി. റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാണ് ആദ്യം മുതല്‍ താന്‍ പറഞ്ഞതെന്നും രഞ്ജിനി പറഞ്ഞു. എന്റര്‍ടെയ്‌മെന്റ് ട്രൈബ്യൂണല്‍ എന്ന തന്റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘പുറത്തുവന്ന റിപ്പോര്‍ട്ട് ഞാന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. എന്നാല്‍ എന്റര്‍ടെയ്‌മെന്റ് ട്രൈബ്യൂണല്‍ എന്ന എന്റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലീഗല്‍ ടീമിനോട് ഉപദേശം തേടി പറയാം എന്നാണ് കരുതുന്നത്. ഡബ്യൂസിസിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍. അവരെ അഭിനന്ദിക്കുന്നു. ഞാന്‍ വ്യക്തിപരമായ എന്റെ ആശങ്കയിലാണ് കോടതിയിലേക്ക് പോകുന്നത്. ഐസിസി പോലുള്ള സമിതിയൊന്നും ഒരിക്കലും സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഈ രംഗത്തെ പ്രയാസങ്ങള്‍ തന്നെയാണ് ഞാന്‍ കമ്മിറ്റിക്ക് മുന്നിലും പറഞ്ഞത്. ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണ്’, രഞ്ജിനി പറഞ്ഞു.
സിനിമാ മേഖലയിൽ നിന്ന് മുൻനിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനിൽ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങൾ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്പട്ടികയിൽപ്പെടുത്തി അവസരങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷൻ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സർക്കാർ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടിമാര്‍ ഉന്നയിച്ചിരിക്കുന്നത്. സിനിമാ സെറ്റില്‍ നായിക നടിമാരടക്കം നേരിടുന്നത് കടുത്ത ലൈംഗിക ചൂഷമാണെന്നും സഹകരിക്കുന്ന നടിമാരെ പ്രത്യേക ‘കോഡ്’ പേരിട്ടാണ് വിളിക്കുന്നതെന്നും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. രാത്രി ഹോട്ടല്‍ മുറികളുടെ വാതിലില്‍ മുട്ടി വിളിക്കുമെന്നും തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കുമെന്നുമാണ് ചിലരുടെ മൊഴി.
STORY HIGHLIGHTS: Ranjini about hema Committee report