എറണാകുളം: മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്.
പവർ ഗ്രൂപ്പ് സൃഷ്ടിച്ച സമാന്തര സംഘടനയാണ് ഫെഫ്ക. ‘മാക്ട’യെ തകർത്തത് ഒരു നടനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നടൻ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജിവയ്‍പ്പിക്കുകയും സംഘടനയെ നിർജീവമാക്കുകയും ചെയ്തു. പിന്നീട് സമാന്തര സംഘടനയായി ‘ഫെഫ്ക’ ഉണ്ടാക്കി.
മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയല്‍ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.
‘സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നു.’- റിപ്പോർട്ട്
മലയാള സിനിമയിൽ ആൺ മേൽക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതായും റിപ്പോർട്ട്. ‘ആലിംഗന സീനിന് 17 റീടേക്കുകൾ വരെയെടുത്തു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവിൽ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.