Kerala

മലയാള സിനിമയെ നിയന്ത്രിക്കുന്ന ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു; ‘മാക്ട’യെ തകർത്തത് ഒരു നടൻ: Hema Committe Report

പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം

എറണാകുളം: മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്.

പവർ ഗ്രൂപ്പ് സൃഷ്ടിച്ച സമാന്തര സംഘടനയാണ് ഫെഫ്ക. ‘മാക്ട’യെ തകർത്തത് ഒരു നടനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നടൻ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജിവയ്‍പ്പിക്കുകയും സംഘടനയെ നിർജീവമാക്കുകയും ചെയ്തു. പിന്നീട് സമാന്തര സംഘടനയായി ‘ഫെഫ്ക’ ഉണ്ടാക്കി.

മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയല്‍ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.

‘സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നു.’- റിപ്പോർട്ട്

മലയാള സിനിമയിൽ ആൺ മേൽക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതായും റിപ്പോർട്ട്. ‘ആലിംഗന സീനിന് 17 റീടേക്കുകൾ വരെയെടുത്തു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവിൽ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ പ്രസക്ത ഭാ​ഗങ്ങൾ

സിനിമയിൽ പവർഗ്രൂപ്പ് നിലനിൽക്കുന്നു

പവർഗ്രൂപ്പിൽ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച്

നടൻമാർ രാത്രി വാതിലിൽ മുട്ടും, സഹകരിച്ചില്ലെങ്കിൽ അവസരമില്ല

ലൊക്കേഷനുകളിൽ അടിസ്ഥാനസൗകര്യമില്ല, വസ്ത്രം മാറുന്നത് കുറ്റിച്ചെടിയുടെ മറവിൽ

കിടക്ക പങ്കിടാൻ നിർബന്ധിതരാക്കും, അഭിനയം പാഷനായാൽ ഉപദ്രവിക്കും, പരാതിപ്പെട്ടാൽ സൈബർ ആക്രമണം

തെറ്റ് ചൂണ്ടിക്കാട്ടിയാൽ പുരുഷന്മാർക്കും വിലക്ക്, അതിക്രമങ്ങളോട് പ്രതികരിക്കാത്തത് വിലക്ക് ഭയന്ന്

ജൂനിയർ താരങ്ങൾക്ക് ഭക്ഷണം നൽകാതെ ചൂഷണം

സെറ്റിലെ നടിമാർക്ക് ആർത്തവം ദുരിതകാലം

സാനിറ്ററി പാഡുകളോ മൂത്രപ്പുരയോ ഇല്ല

ടോയ്‍ലെറ്റ് ഇല്ലാത്തതിനാൽ വെള്ളം കുടിക്കാറില്ല, ആശുപത്രിയിലായത് നിരവധിപേർ

ശിപാർശകൾ

വനിതകൾക്ക് നിർമാതാവ് സുരക്ഷിത താമസവും യാത്രയും ഉറപ്പാക്കണം

ക്രിമിനൽ പശ്ചാത്തലമുള്ളവരെ വിലക്കണം

തുല്യപ്രതിഫലം നൽകണം

സെറ്റുകളിൽ മദ്യവും ലഹരി വസ്തുക്കളും വിലക്കണം

ചലച്ചിത്ര മേഖലയിൽ വിലക്ക് പാടില്ല

സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരങ്ങൾ നൽകണം

അധികാര കേന്ദ്രമായി സ്ത്രീകളെ അവതരിപ്പിക്കുക

ലിംഗസമത്വ ബോധവത്കരണം

പുരുഷത്വമെന്നാൽ അക്രമമല്ലെന്ന് പഠിപ്പിക്കുക

സിനിമാ മേഖലയിൽ 30 ശതമാനം സ്ത്രീ സംവരണം