പലരുടെയും പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി. കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ? എപ്പോഴും കാപ്പി കുടിക്കുന്ന ശീലമുള്ളവർ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ ഇത് എത്ര നല്ല ശീലമല്ല. കാപ്പി കുടിക്കുന്നതിന് ഒരു സമയവും ഉണ്ട്. തെറ്റായ സമയത്താണ് കാപ്പി കുടിക്കുന്നതെങ്കിൽ ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്നു.
കാപ്പിയിൽ കഫീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡീനോസൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററെ ബ്ലോക്ക് ചെയ്ത് ഏകാഗ്രതയും ശ്രദ്ധയും നൽകാൻ സഹായിക്കുന്നതാണ് ഈ കഫീൻ. രാവിലത്തെ ഉറക്ക ചടവും മറ്റും മാറ്റി ഉന്മേഷം നൽകാൻ ഇത് വളരെ നല്ലതാണ്. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ആയുസുണ്ട് കാപ്പിയ്ക്ക്. അതായത് കുടിച്ച ശേഷവും മണിക്കൂറുകൾ ശരീരത്തിൽ നിലനിൽക്കാൻ കാപ്പിയ്ക്ക് കഴിയാറുണ്ട്. രാവിലെ കാപ്പി കുടിച്ചാൽ അതിൻ്റെ ഉന്മേഷം വൈകുന്നേരം വരെ കൂടെ ഉണ്ടായിരിക്കുമെന്നതാണ് യാഥാർത്ഥ്യം. ഉറക്കത്തെ മാറ്റി നിർത്താനും ഉന്മേഷത്തോടെ ദിവസം മുഴുവൻ കടന്ന് പോകാനും ഇത് സഹായിക്കും.
ഒരു വ്യക്തിയുടെ പ്രായം, ജനിതകശാസ്ത്രം, സഹിഷ്ണതയുടെ അളവ് എന്നിവയെല്ലാം കഫീനിനെ ശരീരം എങ്ങനെ മാറ്റുന്നു എന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചിലർക്ക് കഫീൻ വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ഇത് പകൽ ഉറക്കത്തിന് പോലും തടസമാകാറില്ല. എന്നാൽ ചിലരുടെ ശരീരത്തിൽ വലിയ രീതിയിൽ കഫീൻ പ്രവർത്തിക്കുകയും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യാം. എങ്ങനെയാണ് ശരീരത്തിൽ കഫീൻ്റെ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാത്തവർ തീർച്ചയായും കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും കാപ്പി കുടിക്കുന്നതിൽ മാറ്റം കൊണ്ടു വരണം.
അവസാനത്തെ കാപ്പി എപ്പോൾ കുടിക്കണം?
ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കിൽ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്. ഉദ്ദാഹരണത്തിന് രാത്രി 10 മണിക്കാണ് ഉറങ്ങുന്നതെങ്കിൽ അവസാനത്തെ ഗ്ലാസ് കാപ്പി വൈകിട്ട് നാല് മണിക്കായിരിക്കണം കുടിക്കേണ്ടത്. ഇത് ഉറങ്ങാൻ സമയം ആകുമ്പോഴേക്കും കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് വരാനും നല്ല ഉറക്കത്തിനും സഹായിക്കും.
കാപ്പി കുടി കുറയ്ക്കാൻ
ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്ന ശീലമുള്ളവർ അത് മാറ്റാൻ മറ്റ് മാർഗങ്ങൾ കണ്ടുപിടിക്കാൻ ശ്രദ്ധിക്കുക. ഹെർബൽ ചായ പോലെയുള്ളവ കുടിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. സ്ഥിരമായി കാപ്പി കുടിക്കുന്നവർ അത് മാറ്റാൻ മറ്റ് എന്തെങ്കിലും പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കണം. ഇത് ആരോഗ്യത്തിനും വളരെ പ്രധാനമാണ്.
content highlight: benefits-of-coffee-you-should-drink-it-at-this-time