ശ്രീനഗര്‍: ജമ്മു കാഷ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിച്ചു. പട്രോളിംഗ് നടത്തുവായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിംഗാണ് വീരമൃത്യുവരിച്ചത്.
ഉധംപൂരിൽ ജില്ലയിലെ ദുദു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ചീൽ, ദുദു എന്നിവിടങ്ങളിൽ സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ഈ വെടിവെപ്പിലാണ് ജവാന് ഗുരുതര പരിക്കേറ്റത്.
ഉധംപൂരിലെ ഡുഡു ഏരിയായിലെ പോലീസ് പോസ്റ്റിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് സംഭവം. ആക്രമണത്തെ തുടർന്ന് പ്രദേശം വളഞ്ഞ് സി.ആർ.പി.എഫിന്‍റെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സംയുക്ത പരിശോധന തുടരുകയാണ്.
ജമ്മുവിലെ കുന്നിൻപ്രദേശങ്ങളിലെ ഭീകരര പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ദുദുവിൽ പൊലീസ് പോസ്റ്റ് സ്ഥാപിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി ജമ്മുവിൽ ഭീകരരുടെ പ്രവർത്തനങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ജൂലൈയിൽ ദോദ ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഓഫീസർ അടക്കം മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.