Kerala

‘ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലെന്ന് തെളിഞ്ഞു’; ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഡബ്ല്യൂ.സി.സി- WCC on hema committee report

ഹേമ കമ്മിറ്റിയിലെ അംഗങ്ങൾ, മാധ്യമപ്രവർത്തകർ, സംസ്ഥാന വനിതാ കമ്മീഷൻ, കേരളത്തിലെ ജനങ്ങൾ എന്നിവർക്കെല്ലാം നന്ദിയുണ്ടെന്നും ഡബ്ല്യു.സി.സി പ്രതികരിച്ചു

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വലിയ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമറിയിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നെന്ന് തെളിഞ്ഞെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്

ആകാശം നിറയെ ദുരൂഹതയാണ്; തിളങ്ങുന്ന നക്ഷത്രങ്ങള്‍, മനോഹരമായ ചന്ദ്രന്‍. എന്നാല്‍ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങള്‍ക്ക് തിളക്കമില്ലെന്നും ചന്ദ്രന് അത്ര മനോഹാരിതയില്ലെന്നുമാണ്. അതുകൊണ്ടു തന്നെ, ജാഗരൂകരാകുക നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.

ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ യാത്രയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും അവരുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ജോലി ചെയ്യാന്‍ ഒരു പ്രൊഫഷണല്‍ ഇടം സിനിമയിലുണ്ടാക്കുക എന്ന ലക്ഷ്യവുമായി ഞങ്ങള്‍ നടത്തിയ പോരാട്ടം ഒരു ശരിയായ പോരാട്ടമായിരുന്നു. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വരിക എന്നത് ഡബ്ല്യൂ.സി.സി എടുത്ത മറ്റൊരു ചുവടാണ്. സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിംഗഭേദം സിനിമയില്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നമുക്കുണ്ടാകുന്നത്. ഈ റിപ്പോര്‍ട്ടിന് വേണ്ടി മണിക്കൂറുകള്‍ മാറ്റി വച്ച ജസ്റ്റിസ് ഹേമാ, ശ്രീമതി ശാരദാ, ഡോ. വസന്തകുമാരി എന്നിവര്‍ക്ക് നന്ദി പറയുന്നു.

മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറയുന്നു.

ഹേമാ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നമ്മള്‍ എല്ലാവരും അത് കേള്‍ക്കേണ്ടതാണ്.

വ‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:30ന് പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമയിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് ചിലർ കരുതുന്നത്. അതിനാൽ തന്നെ നടിമാർ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നാണ് ഇവരുടെ ധാരണ. സിനിമയിലേക്ക് കടന്നുവരുന്ന സമയം മുതൽ ലൈംഗിക ചൂഷണങ്ങൾക്ക് സ്ത്രീകൾ വിധേയരാകുന്നുണ്ട്. ഇതിനെതിരെ പരാതി പയറുന്നവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. കലയോടുള്ള താൽപര്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്ന് അംഗീകരിക്കാൻ പോലും പുരുഷൻമാർക്ക് കഴിയുന്നില്ല. സ്ത്രീകളെ ലൈംഗിക താൽപര്യത്തോടെ സമീപിക്കുന്നതിൽ നടൻ മുതൽ പ്രൊഡക്ഷൻ കൺട്രോളർ വരെ ഉള്ളവരുണ്ട് എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.