കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാൻ സിബിഐക്ക് അനുമതി. കൊൽക്കത്ത കോടതിയാണ് സിബിഐക്ക് അനുമതി നൽകിയത്.
കസ്റ്റഡിയിലുള്ള സഞ്ജയ് റോയിയെ സിബിഐ ശനിയാഴ്ച സൈക്കോ-അനാലിസിസ് പരിശോധന നടത്തിയിരുന്നു. കേസിൽ ആർ.ജെ. കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ എന്താണ് ചെയ്തത്, ആരെയാണ് ആദ്യമായി ബന്ധപ്പെട്ടത്, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കളെ മൂന്ന് മണിക്കൂറോളം നേരം പുറത്ത് കാത്തിരിപ്പിക്കാൻ കാരണമെന്ത്? തുടങ്ങിയ കാര്യങ്ങളാണ് മുൻ പ്രിൻസപ്പലിനോട് ചോദിച്ചറിയുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നാലെ ഡോക്ടർ കൊല്ലപ്പെട്ടുകിടന്ന സെമിനാർ ഹാളിനരികിലുള്ള മുറികളുടെ നവീകരണപ്രവർത്തനങ്ങൾക്ക് ആരാണ് ഉത്തരവിട്ടത് എന്ന കാര്യവും പ്രിൻസിപ്പലിനോട് അന്വേഷിച്ചറിയുന്നുണ്ടെന്നാണ് വിവരം.
ഈ മാസം 9നാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിന്റെ സെമിനാർ ഹോളിൽ നിന്ന് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതരും പൊലീസും ശ്രമിച്ചത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.