മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പുരാതന ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം. തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു. ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. തുല്യ പ്രാധാന്യത്തോടെ ശ്രീ പരമേശ്വരനും ഇവിടെയുണ്ട്. ശിവശക്തി ഭാവത്തില്‍ ആരാധന നടക്കുന്ന ക്ഷേത്രമാണിതെന്ന് പറയാം. എന്നാല്‍ ‘തിരുമാന്ധാംകുന്നിലമ്മ’ എന്നറിയപ്പെടുന്ന ഭഗവതിക്കാണ് ഇവിടെ കൂടുതല്‍ പ്രസിദ്ധി. വലുതും മനോഹരവുമായ ശിവലിംഗ പ്രതിഷ്ഠ ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ഇതേപറ്റി ധാരാളം ഐതീഹ്യ കഥകളും ഉണ്ട്.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം സൂര്യവംശത്തിന്റെ കാലത്തുള്ളതാണ്. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ് തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്റെ ഭംഗിയില്‍ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്താഗ്രഹവും ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് അദ്ദേഹം ശിവനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് തന്റെ പത്‌നിയായ പാര്‍വ്വതിയുടെ കൈവശമാണെന്ന് അറിയാവുന്ന ശിവന്‍ ആകെ സങ്കടത്തിലാവുകയും ഒടുവില്‍ പാര്‍വ്വതി കാണാതെ അദ്ദേഹം ആ ശിവലിംഗം മാന്ധാതാവിനു നല്കി. എന്നാല്‍ പതിവ് പൂജാ സമയത്ത് വിഗ്രഹം അന്വേഷിച്ച പാര്‍വ്വതി അത് പോയ വഴി മനസ്സിലാക്കുകയും ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാന്‍ അയക്കുകയുടെ ചെയ്തു.
എന്നാല്‍ എത്ര ശ്രമിച്ചിട്ടും മാന്ധാതാവ് വിഗ്രഹം തിരികെ കൊടുക്കുവാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഭൂതഗണങ്ങള്‍ മഹര്‍ഷിയുടെ ആശ്രമം ആക്രമിച്ചു. അവരെ തുരുത്തുവാനായി മഹര്‍ഷിയുടെ ശിഷ്യന്മാര്‍ കാട്ടുപഴങ്ങള്‍ പെറുക്കിയെറിഞ്ഞു. ഓരോ പഴവും ഓരോ ശിവലിംഗങ്ങളായി ഭൂതഗണങ്ങളുടെ മുകളില്‍ പതിച്ച് ഇവര്‍ക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാന്‍ വരികയും അവസാനം ജ്യോതിര്‍ലിംഗം രണ്ടായി പിളര്‍ന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളര്‍ന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്.
തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയില്‍ ഇറക്കത്തില്‍ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. ഇവിടെയാണ് ഉത്സവക്കാലത്ത് ഭഗവതിയുടെ ആറാട്ട് നടക്കുന്നത്. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ പൂജകളിലൊന്നാണ് മാംഗല്യ പൂജ. ഇഷ്ട മാംഗല്യത്തിനും സര്‍വാഭീഷ്ടത്തിനും ഇവിടുത്തെ ഗണപതിക്ക് നടത്തുന്ന വഴിപാടാണ് മംഗല്യപൂജ എന്നറിയപ്പെടുന്നത്. മംഗല്യപൂജയുടെ സമയത്ത് ഗണപതിയുടെ നേരെയുള്ള വാതില്‍ തുറന്നു ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ഇവിടുത്തെ തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്.
മീനമാസത്തിലെ പൂരം നാളില്‍ നടത്തപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം, വൃശ്ചികമാസത്തിലെ കളമെഴുത്തും പാട്ടും, തുലാമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച നടക്കുന്ന മഹാമംഗല്യപൂജ, കന്നിമാസത്തില്‍ നവരാത്രി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങള്‍.
STORY HIGHLIGHTS: Thirumandhamkunnu Temple Malappuram