ന്യൂഡൽഹി: സ്വകാര്യ മേഖലയിൽനിന്ന് ലാറ്ററൽ എൻട്രി വഴി സർക്കാർ തലത്തിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര മന്ത്രിയും ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. ‘ഇത്തരം നിയമനങ്ങളിൽ എന്റെ പാർട്ടിയുടെ നിലപാട് തീർത്തും വ്യക്തമാണ്. സർക്കാർ നിയമനങ്ങൾ നടക്കുന്നിടത്തെല്ലാം സംവരണ വ്യവസ്ഥകൾ പാലിക്കണം. അതിൽ ഒരു ‘എങ്കിലും’ ‘പക്ഷെ’യുമില്ല’ -ചിരാഗ് പാസ്വാൻ പറഞ്ഞു.
കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യകക്ഷി നേതാവായ ചിരാഗ് പസ്വാന്റെ പ്രസ്താവന. തൻ്റെ പാർട്ടി എല്ലായ്‌പ്പോഴും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും സർക്കാരിൻ്റെ നീക്കം തികച്ചും തെറ്റാണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി 45 തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി യു.പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കുക, ഭരണവൈദഗ്ധ്യം വർധിപ്പിക്കുക എന്നീ കാരണങ്ങൾ പറഞ്ഞാണ് 2018ൽ ലാറ്ററൽ എൻട്രി പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. ഇതിന് ശേഷമുള്ള ഏറ്റവും വലിയ നിയമനപ്രക്രിയയാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.
ഇതിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിട്ടുള്ളത്. ഒ.ബി.സി, എസ്.സി, എസ്.ടി എന്നിവരുടെ സംവരണാവകാശങ്ങളെ തുരങ്കം വെക്കുന്ന തീരുമാനമാണിതെന്നാണ് പ്രധാന വിമര്‍ശം.