ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ് മിശ്ര തുടങ്ങിയവരടങ്ങിയ ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 14ന് പ്രതിഷേധക്കാർ ആശുപത്രിയുടെ അത്യാഹിത വിഭാഗമുൾപ്പെടെ തകർത്തിരുന്നു. ഇതിന് പിന്നാലെ ആരോഗ്യമേഖലയുടെ സുരക്ഷ ചൂണ്ടിക്കാട്ടി ലഭിച്ച ഹരജികൾ അടിസ്ഥാനമാക്കിയാണ് കേസ്.
ഓഗസ്റ്റ് ഒൻപതിനായിരുന്നു കൊൽക്കത്തയിലെ ആർജെ കർ ആശുപത്രിയിൽ യുവ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്.