ഈരേഴുപതിനാലു ലോകങ്ങളിലെ ഒരുപോലെ പരിപാലിക്കേണ്ടയാള്‍ തന്‍റെ ഏറാന്മൂളികള്‍ക്ക് വേണ്ടി, ഏറ്റെടുത്തു നടത്തിയ “മഹത്തായ” ഒരു വന്‍ചതിയെയാണല്ലോ ഓണം ഓര്‍മ്മിപ്പിക്കുന്നത്. നല്ല നിലയില്‍ നാട്ടുഭരണം നടത്തിപ്പോന്ന ഒരു പാവം മനുഷ്യനെ, വംശീയഹത്യ നടത്തി ചെളിക്കുണ്ടില്‍ ചവിട്ടിത്താഴ്ത്തിയ സുദിനം!! ആണ്ടോടാണ്ട് ആ പഴയ കാര്‍ന്നോര് ഓലക്കുടയുടെ പൊടിയും തട്ടി നാട്ടാരെ അനുഗ്രഹിക്കാന്‍ എത്തുമത്രേ! നൂറ്റാണ്ടുകളായി കാണം വിക്കലും ഉത്രാടപ്പാച്ചിലുമൊക്കെയായി മലനാട്ടുമക്കള്‍ ഓണത്തെ പൊലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദുര്‍മേദസ്സ് അടിഞ്ഞു കൂടിയ പെരുവയറന്മാര്‍ ബാലെ കമ്പനിക്കാര്‍ ഉപേക്ഷിച്ച വേഷക്കോപ്പുകള്‍ വാരിച്ചമഞ്ഞ് തെരുവോരങ്ങളില്‍ കുമ്പകുലുക്കി ഓണം വിതറുന്നതാണ് പുതിയകാലത്തെ ഓണക്കാഴ്ചകള്‍!!!
മേല്‍പ്പറഞ്ഞ വന്‍ചതി കേരളത്തിലാണ് നടന്നതെന്ന് മലയാളികള്‍ കരുതുന്നു. പക്ഷെ ബലിചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്ന നിലയിലുള്ള ത്രിവിക്രമഭാവത്തിലുള്ള ശില്‍പ്പങ്ങള്‍ കൂടുതലായും മഹാബലിപുരം പോലെയുള്ള അന്യനാടുകളിലാണ് കാണുന്നത്. പുരാണത്തിലെ ചവിട്ടിത്താഴ്ത്തലിനു ശേഷം ഭരണവര്‍ഗ്ഗങ്ങള്‍ തമ്മില്‍ പൊരുതുകയും വിജയിച്ചവര്‍ പരാജിതരെ ചവിട്ടിത്താഴ്ത്തുകയുമൊക്കെ ചെയ്ത നിരവധി കഥകള്‍ ചരിത്രത്തിലും ഉണ്ടായിട്ടുണ്ട്. ഏതാണ്ട് രണ്ടരനൂറ്റാണ്ടുകള്‍ക്കു മുമ്പ് അത്തരമൊരു നിഷ്കാസനകര്‍മ്മത്തോടെ മുച്ചൂടും മുടിഞ്ഞുപോയ ഒരു നാടിന്‍റെ അവശേഷിപ്പുകളുടെ പുറത്തേയ്ക്കാണ് ഞങ്ങള്‍ പഴയ കോട്ടയത്തെ നാട്ടുകാരെല്ലാം പിറന്നു വീണത്. മൂന്നുമൂന്നര നൂറ്റാണ്ടുകളോളം നല്ല കുരുമുളകിന്‍റെ ബലത്തില്‍ നാടിനെ നന്മയിലേയ്ക്കും ഐശ്വര്യത്തിലേയ്ക്കും നയിച്ച ഇടത്തില്‍ തമ്പുരാന്മാരുടെ അവസാനകണ്ണിയായ ആദിത്യവര്‍മ്മ ആയിരുന്നു ആ പാവം മഹാബലി! സ്യാനന്ദൂരപുരത്തെ അഭിനവ പാലാഴി തന്നില്‍ പള്ളികൊള്ളുന്ന പഴയ ത്രിവിക്രമന്‍റെ “വെറും” പ്രതിനിധിയായ മാര്‍ത്താണ്ഡന്‍റെ വലംകാലിനു വാതമുണ്ടായതിനാല്‍ തനിക്ക് തളിയന്താനപുരത്തെ ആദിത്യരുടെ തലയിലമര്‍ത്താന്‍ കഴിയില്ലല്ലോ എന്ന നഷ്ടബോധത്തോടെ മാവേലിക്കര കൊട്ടാരത്തില്‍ ബലാതൈലം പുരട്ടി ആവിയും പിടിച്ച് അങ്ങനിരുന്നു. അങ്ങേരു അവിടിരുന്നാലും പാതിമെയ്യായ കുശാഗ്രബുദ്ധിക്കാരനായ ആ കുട്ടിപ്പട്ടരുണ്ടല്ലോ,ആ രാമയ്യന്‍! അയാള്‍ അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും മാര്‍ത്താണ്ഡന്‍റെ ഇംഗിതം സാധിപ്പിച്ചു കൊടുത്തു. വടുവാമനന്‍റെ ഊരായ വടവാതൂരിലെ അമ്പലം എടത്തിലെ ആദിത്യവര്‍മ്മ മോടിയോടെ പണിതുയര്‍ത്തി വേണ്ടുംവണ്ണം പ്രസാദിപ്പിച്ചിട്ടും പഴയ ദുശ്ശീലം വാമനരു കൈവിട്ടില്ല. കയ്യൂക്കുള്ളവന്‍റെ താന്തോന്നിത്തത്തിനു മുന്നില്‍ അങ്ങേര് കണ്ണടച്ചുകളഞ്ഞു.
കള്ളവും ചതിയും കള്ളപ്പറയുമൊന്നുമില്ലാതിരുന്ന തെക്കുംകൂര്‍ കാലത്ത് സാക്ഷാല്‍ രാജധാനിയായിരുന്നു ഞങ്ങളുടെ നാട്. സുറിയാനിയും അറബിയും പറങ്കിയും ചെട്ടികളും കൊങ്കണിയുമെല്ലാം മീനച്ചിലാറ്റിലൂടെ പടകുകളിലെത്തി കുരുമുളകിനു വില പേശിയിരുന്ന കാലം!! അന്യദിക്കുകളില്‍നിന്നും അഭയാര്‍ഥികള്‍ കേട്ടറിഞ്ഞു കേട്ടറിഞ്ഞു രക്ഷ തേടി എത്തിയിരുന്ന മന്നിലെ പുണ്യസ്ഥലം!!. അതെ, AD 1749 സെപ്തംബര്‍ 11ന് (അതും ഓണക്കാലം!!!) രാമയ്യനും യുവരാജനും (പില്‍ക്കാലത്ത് ധര്‍മ്മരാജന്‍!) ചേര്‍ന്ന് ആദിത്യവര്‍മ്മയെ വഴിയാധാരമാക്കി വിട്ട നാള്‍വരെ ഇവിടം മാവേലിനാട് തന്നെ യായിരുന്നു. കുന്നലക്കോനാതിരി (Zamorin the great) പഴയ കുടുംബബന്ധമോര്‍ത്ത് കാലിക്കൂത്തില്‍ ഒരു പാതാളം സെറ്റപ്പാക്കി കൊടുത്തതിനാല്‍ പില്‍ക്കാലത്ത് നട്ടാശ്ശേരിയിലേയ്ക്ക് തിരികെ പോരാന്‍ ആദിത്യവർമ്മൻ മാവേലിക്ക് പിന്മുറക്കാരുണ്ടായി. പഴയ കോട്ടയത്തിന്‍റെ ആ മാവേലികാലം സംഭാവന ചെയ്ത സാംസ്കാരികപൈതൃകമാണ് ഞങ്ങളുടെ ഓരോ ഓണത്തെയും നിറമുള്ളതാക്കുന്നത്.
എന്‍റെ ചെറുപ്പകാലത്തെ ഓണക്കാലഅനുഭവങ്ങളില്‍ മറക്കാതെ കിടക്കുന്ന ചിലതുണ്ട്. അതിലൊന്ന് പറയാം. ഞങ്ങളുടെ അയല്‍വക്കത്തെ ഉമ്മാ തിരുവോണനാളില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടിയുള്ള പായസം ചോറ്റുപാത്രത്തിലാക്കി വീട്ടില്‍ എത്തിക്കുമായിരുന്നു. ആ പായസം തന്നിട്ട് ഉമ്മാ പറയുമായിരുന്നു. “ഓണത്തിനു ഞങ്ങക്ക് വേറെ കഥയാ.. ചേരമാന്‍ പെരുമാള് മക്കത്തുപോയത് ഒരു തിരവോണനാളിലാ… ആ യാത്ര കാരണമാണല്ലോ ഞങ്ങളൊക്കെ മുസ്ലിമിങ്ങലായത്. അതാണ് ഞങ്ങള്‍ ഓണമായി ആഘോഷിക്കുന്നത്. പെരുമാളെപറ്റിയും അദ്ദേഹത്തിന്‍റെ മക്കത്തുയാത്രയെ പറ്റിയുമൊക്കെ ആദ്യമായി അറിയുന്നത് ഉമ്മായുടെ വാക്കുകളിലൂടെയായിരുന്നു. ആ ചരിത്രകൌതുകം ഉണര്‍ത്തിവിട്ട ആദരവ് പായസത്തിന്‍റെ മധുരത്തേ ഇരട്ടിപ്പിച്ചിരുന്നു. വീട്ടിലുണ്ടാക്കിയ പായസവും ഉപ്പേരിയും ചീടയുമൊക്കെ പൊതിഞ്ഞു ഉമ്മായ്ക്കും നല്‍കും. പെരുമാള്‍ മക്കത്തിനുപോയ കഥ ഓണവുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് ഒരിടത്തും ചര്‍ച്ച ചെയ്തു കാണാനിടയായിട്ടില്ല.!!
മിത്തുകൾ മാത്രമല്ല ചരിത്രപരമായ പല വസ്തുതകളും ഓണത്തിന്റെ പിറവിയുമായി ബന്ധപ്പെട്ടുണ്ട്. സംഘകാലത്തോ അതിനും മുമ്പോ ആരംഭിച്ചു എന്നു കരുതപ്പെടുന്ന കേരളത്തിന്റെ വാണിജ്യബന്ധത്തോളം പഴക്കമുണ്ടതിന്. ഈജിപ്തുകാരും യവനരും റോമാക്കാരമായിരുന്നു കേരളത്തിലെത്തിയ ആദ്യകാല വണിക്കുകൾ. ഹിപ്പാലസിന്റെ കാറ്റിന്റെ ഗതി നാവികർക്ക് പരിചിതമായതോടെ കടൽ കടന്നുള്ള വാണിജ്യം കൊഴുത്തു.
ഇടവം, മിഥുനം, കർക്കിടകം എന്നീ മാസങ്ങളിൽ മൺസൂൺ അറബിക്കടലിനെ പ്രക്ഷുബ്ധമാക്കും. അക്കാലത്ത് കടൽയാത്രയില്ല. തുടർന്നുവരുന്ന ചിങ്ങത്തിൽ ആകാശം തെളിയും മെഡിറ്ററേനിയൻ തീരത്തു നിന്നുള്ള സുഗമമായ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ ക്രമമായി വീശിത്തുടങ്ങും. അവിടെയുള്ള തുറമുഖ പട്ടണങ്ങളിൽനിന്ന് പൊന്നും ചെമ്പും ഈയവും മറ്റും കയറ്റിയ ജലയാനങ്ങൾ പാ വിടർത്തി ഒഴുകിയെത്തും. അപ്പോൾ ഇവിടെ മഴക്കാലം കഴിഞ്ഞ് വിളവെടുപ്പ് ആരംഭിച്ചിരിക്കും. വാണിജ്യ വിളകൾ നാടുവാഴികൾ സംഭരിച്ച് പണ്ടികശാലകൾ നിറച്ചിരിക്കും. നെല്ല് കൊണ്ട് പത്തായങ്ങൾ നിറഞ്ഞിരിക്കും. എവിടെയും സമൃദ്ധി കളിയാടും. തീരത്തെത്തിച്ചേർന്ന കപ്പലുകളിൽ നിന്ന് പൊന്ന് കരയിലേയ്ക്ക് ഒഴുകും. പകരം കറുത്ത പൊന്ന് തിരിച്ചും. അങ്ങനെ ചിങ്ങം പൊന്നിൻ ചിങ്ങമാകും. നാടുവാഴിയും നാട്ടാരും സമ്പന്നത ആഘോഷിക്കും. നൂറ്റാണ്ടുകളോളം ചിങ്ങമാസം കടൽ കടന്നുള്ള വാണിജ്യത്തിന്റെ നല്ലകാലമായി നിലനിന്നു. ആ സമ്പന്നതയുടെ ആഘോഷമായി തന്നെയാകണം ഓണം പിറവിയെടുത്തത്. ഉച്ചനീചത്വത്തിന്റെ കാലമായപ്പോൾ പോലും ഓണക്കാലം അടിയാള സമൂഹത്തിലും തങ്ങളുടെതായ ആഘോഷം പരിമിതമായ നിലയിൽ നടത്താൻ മേലാളരുടെ “അയവുകളും ഉദാരതയും” അനുവദിക്കപ്പെട്ടു. തുടരുന്ന ചൂഷണത്തിനിടയിലും “ദാനധർമ്മ”മായി ഓണപ്പുടവയും എണ്ണ തേച്ചുകളിയും, മുറ്റത്തെ കുഴിയിൽ നൽകുന്ന ഓണസദ്യയും ഓണത്തെ അടിയാളർക്ക് തങ്ങളുടേതും ആക്കി മാറ്റി. വിദേശ വാണിജ്യം വാരിച്ചൊരിഞ്ഞ സമ്പന്നതയുടെ വളരെ ചെറിയൊരു പങ്ക് സമൂഹത്തിന്റെ അടിത്തട്ട് വരെയെത്തി എന്നർത്ഥം. അതാണ് ഓണത്തിന്റെ ചരിത്രപരവും സാമൂഹ്യപരവുമായ ഉൽപ്പത്തിക്ക് നിദാനം എന്നു കരുതാവുന്നതാണ്.
Content highlight : Onam special story