ഐ. വി. ശശി ടി. ദാമോദരൻ ചിത്രങ്ങളിലൂടെ ഒട്ടേറെ നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച മലയാളികൾ മറന്നുപോയ നടന്മാരിൽ ഒരാളായ ഭാസ്കര മേനോന്‍ എന്ന നെല്ലിക്കോട് ഭാസ്കരന്‍.
1924 ഏപ്രിൽ 21ന് ചുണ്ടേപ്പുനത്തില്‍ രാമന്‍ നായരുടെയും പീടികപ്പുറത്ത് നാരായണിയമ്മയുടെയും മകനായി ജനിച്ചു.
വീട്ടിലെ ദാരിദ്ര്യം മൂലം നാലാം തരത്തില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. നെയ്ത്ത് തൊഴിലാളി, കൈനോട്ടക്കാരന്‍, തയ്യല്‍ക്കാരന്‍, തെങ്ങുകയറ്റക്കാരന്‍, ഫോട്ടോഗ്രാഫര്‍, പൊറാട്ടുനാടകങ്ങളിലെ നടന്‍, മജീഷ്യന്‍… വീട്ടിലെ അടുപ്പു പുകയാന്‍ ഭാസ്കരന്‍ കെട്ടിയാടാത്ത വേഷങ്ങളില്ല.
കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് കലാപ്രവർത്തനം ആരംഭിച്ചത്.
കോഴിക്കോട് യുണൈറ്റഡ് ഡ്രാമാറ്റിക് അസോസിയേഷൻ അരങ്ങിലെത്തിച്ച എ. കെ. പുതിയങ്ങാടിയുടെ ‘പ്രഭാതം ചുവന്ന തെരുവിൽ’ എന്ന നാടകത്തിലൂടെ അരങ്ങത്തെത്തി. പിന്നീട്
കോഴിക്കോട്ടെ നാടകവേദികളിൽ കെ.പി ഉമ്മര്‍, കുഞ്ഞാണ്ടി, ബാലന്‍ കെ.നായര്‍, വാസുപ്രദീപ്, ശാന്താദേവി, കുതിരവട്ടം പപ്പു, കുഞ്ഞാവ, എന്നീ പ്രമുഖർക്കൊപ്പം നെല്ലിക്കോട് ഭാസ്ക്കരനും നിറഞ്ഞു നിന്നു. സ്ത്രീകൾ നാടകവേദികളിലേയ്ക്ക് അധികം എത്താതിരുന്ന കാലം മുതൽ സഹോദരി കോമളവും ഭാസ്കരനൊപ്പം ഒപ്പം വേദികൾ പങ്കിട്ടിരുന്നു.
നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ ശുപാർശപ്രകാരം മലയാളത്തിലെ പ്രഥമ വർണചിത്രമായ ‘കണ്ടം ബെച്ച കോട്ടി’ലെ ഹസനെ അവതരിപ്പിച്ചുകൊണ്ടാണ് ഭാസ്കരൻ സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് മുറപ്പെണ്ണിലെ ഹാജിയാർ, കാവ്യമേളയിലെ ബാലേട്ടൻ, പകൽക്കിനാവിലെ ചന്ദ്രൻ, സ്ഥാനാർത്ഥി സാറാമ്മയിലെ വേലൻ മത്തായി, ഓളവും തീരത്തിലെ അബു, മൂടുപടത്തിലെ ആലിക്കുട്ടി, കുഞ്ഞാലി മരക്കാറിലെ മുത്തു, മുക്കുവനെ സ്നേഹിച്ച ഭൂതത്തിലെ മുക്കുവൻ, മരത്തിലെ ആമുക്കുട്ടി, ശരപഞ്ജരത്തിലെ സിദ്ധയ്യൻ, അങ്ങാടിയിലെ ആണ്ടിയേട്ടൻ തുടങ്ങി വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ 200 ലേറെ കഥാപാത്രങ്ങൾ ഭാസ്കരന്റേതായി നമുക്കു മുന്നിലെത്തി. പിൽക്കാലത്ത് മലയാള സിനിമയിൽ സജീവമായപ്പോഴും നാടകത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടായിരുന്നതായി കാണാൻ കഴിയും. ജീവിതത്തിൽ ബഹുവിധ വേഷങ്ങൾ ആടിയതുകൊണ്ടാവാം നിസ്സഹായതയുടെ, അതിജീവനത്തിന്റെ വേഷങ്ങൾ ഭാസ്കരൻ നന്നായി പൊലിപ്പിച്ചെടുത്തു.
നാടകത്തിൽ പകർന്നാടിയ വേഷങ്ങളെ വെല്ലുന്ന കഥാപാത്രങ്ങൾ സിനിമയിൽ ലഭിച്ചില്ല ഏങ്കിലും തന്നെ തേടിയെത്തിയ വേഷങ്ങൾക്കെല്ലാം തന്റേതായ കൈയൊപ്പു ചാർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒപ്പം സിനിമയിൽ ഭാസ്കരന് ഒരു അപൂർവ ഭാഗ്യം കൂടി ലഭിച്ചിട്ടുണ്ട്.
യേശുദാസിന്റേയും ജയചന്ദ്രന്റേയും സിനിമയിലെ ആദ്യത്തെ പാട്ടുകൾക്ക് ലിപ് നൽകിയത് നെല്ലിക്കോട് ഭാസ്കരനായിരുന്നു. കാല്പാടുകൾ’ എന്ന സിനിമയിൽ യേശുദാസ് പാടിയ
🎙️അറ്റൻഷൻ പെണ്ണേ… കുഞ്ഞാലിമരക്കാറിൽ ജയചന്ദ്രൻ പാടിയ
🎙️ ഒരു മുല്ലപ്പൂമാലയുമായി… എന്നീ ഗാനങ്ങളായിരുന്നു അവ. അദ്ദേഹം അഭിനയിച്ച വേഷങ്ങളിൽ ഏറെയും അവിസ്മരണീയമായത് മുസ്ലീം കഥാപാത്രങ്ങൾ ആയിരുന്നു. അത്തരം പാത്രങ്ങൾക്കായി നെല്ലിക്കോട് ഭാസ്കരനെ തന്നെ തെരഞ്ഞെടുക്കുന്ന പ്രവണത നിർമ്മാതാക്കളിലും സംവിധായകരിലും ഉണ്ടായിരുന്നു. കോഴിക്കോട് ജനിച്ചു വളർന്ന ഭാസ്കരന് മുസ്ലീങ്ങളുടെ മതാചാരവും വേഷവിധാനവും ഭാവവും സംസാരരീതിയുമൊക്കെ നല്ല നിശ്ചയമായിരുന്നു. മുസ്ലീം റോളുകളിൽ അഭിനയിക്കുമ്പോൾ പരിപൂർണ സ്വാതന്ത്ര്യമാണ് മിക്ക സംവിധായകരും ഭാസ്കരന് നൽകിയത്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളെ അനുഭവമാക്കി മാറ്റാൻ ഭാസ്കരന് കഴിഞ്ഞു. നിരവധി സിനിമകളിൽ മുസ്ലീം കഥാപാത്രങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ച ഭാസ്കരൻ തുടക്കത്തിലെന്നപോലെ ഒടുക്കത്തിലും മുസ്ലീം വേഷമായിരുന്നു അവതരിപ്പിച്ചത് എന്നത് യാദൃച്ഛികതയാകാം.
72ൽ മരത്തിലെ ആമുക്കുട്ടിയെ അവിസ്മരണീയമാക്കിയതിന് ആ വർഷത്തെ ഏറ്റവും നല്ല സഹനടനുള്ള പുരസ്കാരം. 78ൽ ശരപഞ്ജരത്തിലൂടെ സിദ്ധയ്യനിലൂടെ ഭാസ്കരൻ വീണ്ടും മികച്ച സഹനടനായി. എസ്.കെ. പൊറ്റെക്കാടിന്റെ മൂടുപടത്തിൽ വർഗീയവിഷക്കാറ്റിൽ വീഴുന്ന പാവം മുസ്ലീം ചെറുപ്പക്കാരനായുംഅഭിനയിച്ച മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവനടനായി ഭാസ്കരൻ വാഴത്തപ്പെട്ടു. ജീവിതയാതന അനുഭവിക്കുന്ന കഥാപാത്രമുണ്ടെങ്കിൽ അത് ഭാസ്കരന് എന്ന അവസ്ഥ വരെയുണ്ടായിരുന്നു. ‘1921’ ആയിരുന്നു അവസാന ചിത്രം ഈ ചിത്രത്തിലെ ബ്രിട്ടീഷുകാരനായ എസ്റ്റേറ്റ് ഉടമയുടെ കുതിരവണ്ടിക്കാരന്റെ വേഷം ശ്രദ്ധേയമായിരുന്നു. 1921ന്റെ ഷൂട്ടിംഗ് വേളയിൽ കുതിരവണ്ടിയിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് പിന്നീട് ആശുപത്രിവാസമായിരുന്നു. 1988 ആഗസ്റ്റ് 11ന് അന്തരിച്ചു.
1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് – ചിത്രം: മരം
1979 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് – ചിത്രം: ശരപഞ്ജരം.
മലബാറിന്റെ നാടക പാരമ്പര്യവുമായി വെള്ളിത്തിരയിലേക്കെത്തിയ നിരവധി പ്രഗത്ഭരിൽ ഒരാളായ
മലയാള സിനിമ ലോകത്തെ എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ‘ഭാസ്കരേട്ടാ’ എന്ന് വിളിക്കുന്ന…
സിനിമയിലും നാടകത്തിലും ആടിയ ഏതു വേഷത്തേക്കാളും വലുതായിരുന്നു നാടക കലാകാരന്മാരുടെ ജീവിതമെന്ന് എന്നെ പഠിപ്പിച്ചവരിൽ ഒരാളാണ് നെല്ലിക്കോട് ഭാസ്കരണമെന്ന് നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ആവശ്യത്തിനും അനാവശ്യത്തിനുമായി സ്മാരകങ്ങളെക്കൊണ്ടു നിറയുന്ന നമ്മുടെ നാട്ടിൽ കലയ്ക്കു വേണ്ടി മാത്രം ജീവിച്ച നെല്ലിക്കോട് ഭാസ്കരന് സ്മാരകമില്ല. ഭാസ്കരന് മാത്രമല്ല കോഴിക്കോടൻ നാടകവേദി മലയാള സിനിമക്ക് സംഭാവന ചെയ്ത കുഞ്ഞാണ്ടിക്കോ, കുതിരവട്ടം പപ്പുവിനോ, ബാലൻ കെ. നായർക്കോ, കെ.പി. ഉമ്മറിനോ അർഹിക്കുന്ന ഒരു പരിഗണനപോലും ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.
Content highlight : nellikode Bhaskaran life story