ഗസ്സയുടെ തെക്ക് ഭാഗത്ത് ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഫലസ്തീനിയൻ ഡെയ്‌ലി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ഇബ്രാഹിം മുഹറബാണ്(27) ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലേക്ക് മുഹറബിൻ്റെ മൃതദേഹം കൊണ്ടുപോയതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തർ നിർമ്മിച്ച വലിയ അപ്പാർട്ട്‌മെൻ്റ് സമുച്ചയമായ ഹമദ് സിറ്റിയിൽ തിങ്കളാഴ്ച രാവിലെയാണ് മുഹറബിൻ്റെ മൃതദേഹം കണ്ടെത്തിയത്. ആ സമയത്ത് മുഹറബിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മാധ്യമപ്രവർത്തകര്‍ക്ക് പരിക്കേൽക്കുകയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ സൈന്യം വിസമ്മതിച്ചു.
സൈന്യം ഒരിക്കലും ബോധപൂര്‍വം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഐഡിഎഫിന്‍റെ വക്താവ് എഎഫ്‍പിയോട് പറഞ്ഞു. മുഹറബിന്‍റെ നിര്യാണത്തില്‍ ഫലസ്തീനിയല്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റ് അപലപിച്ചു.ഇസ്രായേൽ സൈന്യം ഗസ്സയിൽ മാധ്യമപ്രവർത്തകരെ കൊല്ലാനുള്ള സംഘടിത പ്രചാരണത്തിന് നേതൃത്വം നൽകുകയാണെന്ന് ആരോപിച്ചു.