സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടൽപാലത്തിന്റെ നിർമാണ ജോലികൾ അന്തിമ ഘട്ടത്തിലെത്തി. കിഴക്കൻ പ്രവിശ്യയിലെ സ്വഫ്വയെയും റാസ് തന്നൂറയെയും ബന്ധിപ്പിച്ച് 3.2 കിലോമീറ്റർ നീളത്തിലാണ് സൗദിയിൽ ഇരട്ട കടൽപാലം ഒരുങ്ങുന്നത്. പാലത്തിന്റെ എൺപത്തിയെട്ട് ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. പുതിയ പാലം റാസ് തന്നൂറക്ക് പുതിയ പ്രവേശന കവാടവും എക്സിറ്റും നൽകും. ഏതാനും മീറ്ററുകൾ പൂർത്തിയായാൽ പാലം ഇരുകരയും തൊടും.
റാസ് തന്നൂറയിൽ നിന്ന് ദമാമിലേക്കുള്ള ദൂരം ഇതോടെ കുറയും. റാസ്തനൂറയിലുള്ളവർക്ക് ദമ്മാം എയർപോർട്ട് യാത്രയും വേഗത്തിലാക്കാം. പാലത്തിന്റെ അക്കര തൊട്ടാൽ ഇനി ബാക്കിയുണ്ടാവുക ടാറിങും മോഡി പിടിപ്പിക്കലും മാത്രമാണ്. പുതുതായി നിർമിക്കുന്ന ഇരട്ടപ്പാലം റാസ്തനൂറയിലെ ടൂറിസം സാധ്യതകളും എളുപ്പമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. ചരക്കു നീക്കം എളുപ്പമാക്കാനും പാലം സഹായിക്കും.സൗദിയേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയാണ് സൗദിയിലെ നീളമുള്ള കടൽപ്പാലം. 25 കിമീ ആണ് ഇതിന്റെ നീളം.