ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പിന്നാലെയുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് ഇതാദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇത്തരമൊരു സമിതി നിയോഗിക്കപ്പെടുന്നത്. വിമൻ ഇൻ സിനിമാ കളക്ടീവ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ ഈ തീരുമാനം. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങുന്നതാണ് സമിതി.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുകയാണ് നടൻ തിലകന്റെ മകൾ സോണിയ തിലകൻ. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്നും സോണിയ തിലകൻ വെളിപ്പെടുത്തി. ഇയാൾ റൂമിലേക്ക് വരാനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി.
ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായതോടെ നടൻ ഷമ്മി തിലകൻ അച്ഛൻ തിലകനോടൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ച വാക്കുകളും ശ്രദ്ധനേടി. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ… ചിരിക്കണ ചിരി കണ്ടാ എന്നാണ് ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമയിൽ തന്റെ നിലപാടിൽ ഉറച്ച് നിന്നതിന്റെ പേരിൽ താര സംഘടനയുടെ വിലക്ക് നേരിടേണ്ടിവന്ന നടനാണ് തിലകൻ. താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും മേല്‍ക്കോയ്മ ചോദ്യം ചെയ്തതിലും പിന്നാലെ 2010ല്‍ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.
അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്‍വലിച്ചില്ല. സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിംപോളിക്കായിട്ട്.
തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടിയെന്ന് താന്‍ കേട്ടിരുന്നുവെന്നാണ് അടുത്തിടെ ഷമ്മിയുടെ സഹോദരൻ ഷോബി തിലകൻ പറഞ്ഞത്. ഷമ്മി തിലകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് തിലകന്റെ നിലപാടുകളെ പ്രശംസിച്ച് രംഗത്തെത്തിയത്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോകില്ല.
ഈ വാർത്ത കണ്ടപ്പോൾ അന്ന് തിലകൻ സാർ പറഞ്ഞത് ഓർത്തു, ഇപ്പോഴാണ് തിലകകുറിക്ക് ആത്മശാന്തി കിട്ടി കാണുക. നല്ല തന്റേടം ഉള്ള എന്തും വെട്ടി തുറന്ന് പറയുന്ന അച്ഛന്റെ മകനായി ജനിച്ച താങ്കൾ ഭാഗ്യവാൻ, മലയാള സിനിമാ രഗത്തെ ജാതി വെറിയും ഗുണ്ടായിസവും മാടമ്പിത്തരവും സമൂഹത്തോട് സ്വധൈര്യം പറഞ്ഞ മനുഷ്യൻ, ഹേമ കമ്മിറ്റി റിപ്പോർട്ട് ടിവിയിൽ കണ്ട സമയം ആദ്യം ഓർമ്മയിൽ വന്നത് തിലകൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളായിരുന്നു അത് മുഴുവൻ ഇന്ന് സത്യമാണെന്ന് തെളിഞ്ഞു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കിട്ട കുറിപ്പിലും തിലകനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അമ്മയുടെ ഷോയ്ക്കാണ് ഇപ്പോൾ തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചിട്ട് പറയാമെന്നുമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച വിവിധ മാധ്യമങ്ങൾക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്.
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കമുണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
content highlight: actor-thilakan-daughter-reveals-bad-experience