ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോളിതാ ഡബ്ല്യുസിസി എന്ന സംഘടനയെക്കുറിച്ച് പാര്‍വതി തിരുവോത്ത് സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
‘വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ [ഡബ്ല്യുസിസി] നിലനില്‍പ്പ് തന്നെയാണ് സക്‌സസ്. ചിലപ്പോള്‍ എല്ലാവരെയും കാണിക്കാന്‍ തെളിവുണ്ടാകില്ല. പക്ഷേ അങ്ങനെയൊന്നും കാണിക്കേണ്ട കാര്യവും ഇല്ല. നമ്മള്‍ ചെയ്യുന്നത് ഒരുമിച്ചു നില്‍ക്കുന്നു എന്നുള്ളതാണ്. ഇത് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഘടന നിലനിന്നിട്ടില്ല. അതുകൊണ്ട് ആരു വന്നാലും പോയാലും കളക്ടീവ് എന്ന് പറയുന്നത് ഒരു വ്യക്തിയോ രണ്ടു വ്യക്തിയോ അല്ല, ഈ മൂവ്‌മെന്റ് ഇവിടെ ഉണ്ടാകും എന്നുള്ളതാണ്. ഇതിന്റെ ആത്മാവ് ഇവിടെ ഉണ്ടാകും. ഇത് എല്ലാവരും കൂടി ഒരുമിച്ച് ഇരുന്ന് ചെയ്താല്‍ തീരാവുന്ന പണിയേ ഉള്ളൂ..പക്ഷേ എന്ത് പ്രശ്‌നം വന്നാലും കളക്ടീവിനെയാണ് പറയുന്നത്. കളക്ടീവ് ഇതിനെ പറ്റി എന്ത് ചെയ്തു.. കളക്ടീവ് എന്താണ് ചെയ്യുന്നത് എന്നൊക്കെ….
അപ്പോഴൊക്കെ നമുക്ക് തിരിച്ചു ചോദിക്കാനുള്ളത് നമ്മള്‍ മാത്രമല്ലല്ലോ ഇവിടെ ഉള്ളത്, കുറ്റകൃത്യം ചെയ്യുന്ന ആളുകളിലോട്ട് ഒരിക്കലും മൈക്ക് പോകുന്നില്ല, അത് ഫിക്‌സ് ചെയ്യാന്‍ ഈ ഒരു കൂട്ടായ്മ എന്നൊരു സംഭവം ഉണ്ട്. എന്റെ അഭിപ്രായത്തില്‍ ഡബ്ല്യുസിസിയുടെ നിലനില്‍പ്പ് തന്നെ വലിയൊരു സക്‌സസ് ആണ്. അതിന്റെ കൂടെ ബാക്കി വരുന്നതൊക്കെ ബോണസ് ആയിട്ടാണ് ഞാന്‍ കാണുന്നത്. ഒരുപാട് എഗ്രിമെന്റ്‌സും ഒരുപാട് ഡിസ്എഗ്രിമെന്റ്‌സും നടക്കാറുണ്ട്. പക്ഷേ എല്ലാത്തിന്റെയും അവസാനം നമ്മള്‍ തിരിച്ചറിയുന്നത് നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്നാണ്. എനിക്കിപ്പോഴും അറിയില്ല 2017 ന് മുന്‍പ് വരെ പാര്‍വതി എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ നിലനിന്നത് എന്ന്.. കളക്ടീവിലുള്ള ആള്‍ക്കാരുമായി എപ്പോഴും സംസാരിക്കണമെന്ന് ഒന്നുമില്ല, പക്ഷേ എനിക്ക് എന്തെങ്കിലും പ്രശ്‌നം പറ്റിയാല്‍ എനിക്ക് അവരുണ്ട്.’, പാര്‍വതി തിരുവോത്ത് പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
STORY HIGHLIGHTS: Parvathy Thiruvothu about WCC