Celebrities

ഹേമ കമ്മിറ്റി റിപ്പോർട്ട്: ചോദ്യങ്ങളോട് മൗനം പാലിച്ച് രമ്യ നമ്പീശൻ; പ്രതികരിക്കുന്നതിൽ കാര്യമില്ലെന്ന് വിനയ് ഫോർട്ട് | hema-committee-report

മലയാള സിനിമ അടിപൊളിയാണ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാളത്തിലെ സിനിമാ താരങ്ങൾ ഇനിയും തുറന്ന പ്രതികരണത്തിന് തയാറായിട്ടില്ല. റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് ഒന്നും മിണ്ടാതെ നടന്നു പോവുകയായിരുന്നു രമ്യ നമ്പീശൻ. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ആദ്യം ശബ്‌ദം ഉയർത്തിയ നടിമാരിൽ ഒരാളായിരുന്നു രമ്യ നമ്പീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും നടി പ്രതികരിക്കാൻ തയാറായിട്ടില്ല.

കുറിച്ച് കൂടുതൽ അറിയില്ലെന്നും അതിനാൽ പ്രതികരിക്കുന്നതിൽ കാര്യമില്ലെന്നുമായിരുന്നു നടൻ വിനയ് ഫോർട്ടിന്റെ മറുപടി. ‘എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോർട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല’ എന്നായിരുന്നു വിനയ് ഫോർട്ട് നൽകിയ മറുപടി.

‘ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്. ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല. അപ്പൊ നിങ്ങൾ ചോദിക്കുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല’ താരം വ്യക്തമാക്കി.

‘അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയിൽ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ്’ താരം തമാശരൂപേണ പറഞ്ഞു. ഇതിന് ശേഷമെത്തിയ രമ്യ നമ്പീശൻ ആവട്ടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവുകയായിരുന്നു.

പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നുവെന്ന് നടി രമ്യാ നമ്പീശന്‍ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാവാമെന്നും രമ്യ അന്ന് ചൂണ്ടിക്കാട്ടി. അര്‍ഹിക്കുന്ന ന്യായമായ വേതനം നടിമാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു.

“നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നത്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇന്‍ഡസ്ട്രിയും വളരണമെന്നാണ് തന്റെ ആഗ്രഹം. ഒരുപാട് പിറകിലേക്ക് പോകേണ്ട ഒരു കാര്യമാണിത്. ആണ്‍കോയ്മയാണ് ഇവിടെ ഇതുവരെ നടന്നുവന്നിട്ടുള്ളത്. ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ വേറെന്തോ ഭാവമാണ്. അത്തരം സിനിമകള്‍ ഒന്ന് കാണുകയും കേള്‍ക്കുകയും ചെയ്ത് നോക്കൂ. അത് കേള്‍ക്കുന്നതിനും മുന്നേയുള്ള വിധിപ്രസ്താവത്തിലേക്കാണ് പോകുന്നത്. അതുതന്നെ ആദ്യം മാറണമെന്നും” അവര്‍ പറഞ്ഞു.

‘പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകളെടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ ഭയങ്കര വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടുകൂടിയാണ് ഞാന്‍ കാണുന്നത്.’ രമ്യ വ്യക്തമാക്കി.

“പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന തന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലര്‍ക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴിയെന്നും” രമ്യാ നമ്പീശന്‍ പറഞ്ഞു.

“തന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിലും ജോലി ചെയ്തതുകൊണ്ട് അവിടെ ഒരിടം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ പറ്റി. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും പക്ഷേ തമിഴ് സിനിമ എത്തിയിട്ടില്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. തമിഴില്‍ നയന്‍താര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയില്‍ സ്വന്തം സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണെന്നും” രമ്യാ നമ്പീശന്‍ പറഞ്ഞു.

അതേസമയം, ഇന്നലെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങൾ മാത്രമേയുള്ളൂ. നിരവധി നടിമാർ ഈ വിഷയത്തിൽ ഹേമ കമ്മീഷന് മുൻപാകെ മൊഴി നൽകിയിരുന്നു. അതുൾപ്പെടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

മലയാള സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം, കാസ്‌റ്റിങ് കൗച്ച് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിൽ ഉന്നയിക്കപ്പെടുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് വിശദമായി പഠിച്ചതും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചതും.

content highlight: hema-committee-report